നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം; ഏഴുവർഷം വരെ തടവ് ലഭിക്കാം

നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകൾ നിർമിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

Update: 2019-12-31 08:43 GMT

തിരുവനന്തപുരം: സിനിമാനടനും എംപിയുമായ സുരേഷ് ഗോപിക്കെതിരേ പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകൾ നിർമിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 

സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കും. 2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാർ നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. പുതുച്ചേരിയിൽ താമസിച്ചുവെന്നതിന് വ്യാജരേഖകളും അദ്ദേഹം നിർമിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാർട്ട്മെന്റിന്റെ ഉടമകൾ ഇതുവരെ അദ്ദേഹത്തെ നേരിൽക്കണ്ടിട്ടില്ലെന്ന് മൊഴി നൽകി. അപ്പാർട്ട്മെന്റിലെ അസോസിയേഷൻ ഭാരവാഹിയും ഇതു തന്നെയാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. രേഖകൾ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകൻ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്.

Tags:    

Similar News