ബിജെപി പ്രവര്‍ത്തകരുടെ വെട്ടേറ്റ് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Update: 2025-09-22 07:51 GMT

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ചനിലയില്‍. കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നത്. 2009 ലാണ് ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.

തുടര്‍ന്ന് 2009 മുതല്‍ ചികില്‍സയിലാണ്. ഒരു കാലിലെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടുതന്നെ ഇദ്ദേഹം വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പോലിസ് എത്തി മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.