സിപിഎം സംഘടനാ നേതാവ് അസഭ്യം വിളിച്ച് മർദിച്ചെന്നു ജോയിന്റ് സെക്രട്ടറിയുടെ പരാതി

സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയിലെ തർക്കമാണ് പുതിയ വിവാദത്തിലേക്കും വഴിവച്ചത്.

Update: 2020-06-20 06:00 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സിപിഎം സംഘടനാ നേതാവ് അസഭ്യം വിളിച്ച് മർദിച്ചെന്നു ജോയിന്റ് സെക്രട്ടറിയുടെ പരാതി. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്റും പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ ഹണി മർദിച്ചെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ സന്തോഷ് കുമാറിന്റെ പരാതി.

സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയിലെ തർക്കമാണ് പുതിയ വിവാദത്തിലേക്കും വഴിവച്ചത്. സെക്രട്ടേറിയറ്റിലെ ജോലിഭാരം ഏകീകരിക്കാനുള്ള ശുപാർശകൾ സമർപ്പിക്കാനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ കൺവീനറാണ് പരാതിക്കാരനായ ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്റായ ഹണിയുടെ സ്വാർത്ഥതാൽപര്യപ്രകാരമുള്ള നിർദേശങ്ങൾ അവഗണിച്ചതാണ് ഇപ്പോഴുള്ള പ്രകോപനത്തിനു കാരണമെന്നും പരാതിയിൽ പറയുന്നു.

അനക്‌സിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പോകുന്ന വഴിയിൽ വച്ചാണ് അസഭ്യവർഷവും കയ്യേറ്റവും ഉണ്ടായതെന്നും പൊതുഭരണസെക്രട്ടറിക്ക് കൈമാറിയ പരാതിയിൽ പറയുന്നു. അഡീഷണൽ സെക്രട്ടറി‌ക്കെതിരെയുള്ള പരാതിയായതിനാൽ സ്‌പെഷ്യൽ സെക്രട്ടറി റാങ്കിലുള്ളതോ അതിനു മുകളില്ലതോ ആയ ഉദ്യോഗസ്ഥനു മാത്രമേ പരിശോധിക്കാൻ അധികാരമുള്ളു.

കണ്ണൂർ സഹകരണബാങ്കിലെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ സന്തോഷ്‌കുമാർ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. ഈ കേസും തർക്കത്തിന്റെ ഭാഗമാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. നേരത്തെയും സിപിഎം അനുകൂലസംഘടനയിലെ തർക്കങ്ങൾ വാക്കേറ്റങ്ങളിൽ കലാശിച്ചിരുന്നു.

Tags:    

Similar News