യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തരുത്; പോലിസിനെ തള്ളി സിപിഎം
യുവാക്കളെ അറസ്റ്റുചെയ്ത നടപടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ളതാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ പോലിസ് അറസ്റ്റുചെയ്ത നടപടിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അറസ്റ്റുചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസ്സാക്കുമ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ട്ടി സിപിഎമ്മായിരുന്നു. ഈ സംഭവത്തിലാവട്ടെ യുഎപിഎ ചുമത്താനിടയായത് സംബന്ധിച്ച് പോലിസ് അധികൃതരില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുള്ളതാണ്. യുവാക്കളെ അറസ്റ്റുചെയ്ത നടപടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ളതാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പോലിസ് യുഎപിഎ നിയമം നടപ്പാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിയ്ക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നതെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സിപിഎം അംഗങ്ങളായ അലന് ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത പോലിസ് നടപടിക്കെതിരേ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലിസ് നടപടിയെ തള്ളിപ്പറഞ്ഞ് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.