ബാബരി വിധി: നിയമവാഴ്‌ചയുടെ തകര്‍ച്ചയെന്ന് സിപിഎം; ലോക്കല്‍ കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധം

ഭയപ്പെടുത്തി കീഴടക്കുക എന്ന തന്ത്രത്തിന്‌ പല പാര്‍ട്ടികളും വിധേയപ്പെടുന്നതും ഗൗരവതരമാണ്‌.

Update: 2020-10-01 12:00 GMT

തിരുവനന്തപുരം: രാജ്യത്തെ നിയമവാഴ്‌ചയും ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഗാന്ധിജയന്തി ദിനമായ നാളെ വൈകീട്ട് ലോക്കല്‍ കേന്ദ്രങ്ങളില്‍ 5 മുതല്‍ 6 വരെ പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ തീരുമാനം. കൊവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരിപാടി സഘടിപ്പിക്കുന്നത്‌ .

ബാബരി മസ്‌ജിദ്‌ തകര്‍ത്ത കേസിലെ എല്ലാ പ്രതികളേയും വിട്ടയച്ച ലഖ്‌നൗ സിബിഐ കോടതി വിധി നിയമവാഴ്‌ചയുടെ തകര്‍ച്ചയെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തത്‌ നിയമവിരുദ്ധമായ നടപടിയാണെന്ന്‌ സുപ്രീം കോടതി ഭരണഘടന ബഞ്ച്‌ പ്രഖ്യാപിച്ചതാണ്‌. രാജ്യത്തെ ഉന്നത നീതിപീഠത്തിന്റെ നിലപാടിനെ പരോക്ഷമായി റദ്ദ്‌ ചെയ്യുന്നതാണ്‌ സിബിഐ കോടതി വിധി.

തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക്‌ കഴിഞ്ഞില്ല എന്ന കോടതി നിരീക്ഷണവും ഗൗരവതരമാണ്‌. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന രീതി എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു എന്നാണ്‌ വ്യക്തമാകുന്നത്‌. അക്ഷരാര്‍ത്ഥത്തില്‍ നിയമവാഴ്‌ചയെയും നീതിന്യായ സംവിധാനത്തിനേയും തകര്‍ക്കുകയാണ്‌ ഈ വിധി ചെയ്യുന്നത്‌.

ജനാധിപത്യത്തിന്റെ മറ്റൊരു തൂണായ നിയമനിര്‍മ്മാണസഭയേയും ഈ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. പ്രാഥമിക പാര്‍ലമെന്ററി ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ്‌ കര്‍ഷക ബില്ലുകള്‍ പാസാക്കിയെടുത്തത്‌. വിയോജിക്കാനുള്ള ഭരണഘടനാപരമായ അവകാശം പാര്‍ലമെന്റിനകത്ത്‌ അടിച്ചമര്‍ത്തുകയാണ്‌ ചെയ്‌തത്‌. വിയോജിപ്പകള്‍ പരസ്യമായി പുറത്ത്‌ പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്യുന്നു. ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്ക്‌ എന്ന അടിസ്ഥാന ശിലയെ അട്ടിമറിച്ച്‌ മതാത്മക ഏകാധിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒത്തുചേരണ്ടതുണ്ട്‌. ഭയപ്പെടുത്തി കീഴടക്കുക എന്ന തന്ത്രത്തിന്‌ പല പാര്‍ട്ടികളും വിധേയപ്പെടുന്നതും ഗൗരവതരമാണ്‌. മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി ജീവന്‍ നല്‍കിയ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിനു നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ കണ്ണി ചേരാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

Tags: