ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം കൊള്ളുന്നു: സി പി എ ലത്തീഫ്

Update: 2024-12-22 13:48 GMT

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ നിരന്തരം ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും ആര്‍എസ്എസിനെക്കാള്‍ ഭീകരമായി ഇത്തരം ദുഷ്പ്രചരണങ്ങളില്‍ ആനന്ദം കൊള്ളുന്നവരായി സിപിഎം നേതാക്കള്‍ മാറിയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവന്‍ വയനാട്ടിലെ മുസ്‌ലിം വോട്ടര്‍മാരെ അവഹേളിച്ച് പാലക്കാട് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമൂഹത്തില്‍ നിന്നുണ്ടാകുന്ന രാഷ്ട്രീയ സംഘാടനങ്ങളെ തീവ്രവാദ ചാപ്പ കുത്തി അകറ്റിനിര്‍ത്തുന്ന സമീപനത്തിന് സിപിഎമ്മാണ് തുടക്കമിട്ടത്. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന സിപിഎം നേതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ചില നേതാക്കളുടെ മാത്രം മനോഭാവമായി ഇതിനെ കാണാന്‍ കഴിയില്ല. 'മുസ്‌ലിം വിരുദ്ധത' സിപിഎം നിലപാടായി മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നിരന്തരമായി മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തുന്ന നേതാക്കളെ പാര്‍ട്ടി തള്ളി പറയാതിരിക്കുന്നതിലൂടെ പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇക്കൂട്ടര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്നാണ് ബോധ്യമാകുന്നത്.

ഗെയില്‍, ദേശീയപാത വിരുദ്ധ സമരം അടക്കമുള്ള ജനകീയ സമരങ്ങളിലെ മുസ്‌ലിം സാന്നിധ്യം പോലും തീവ്രവാദമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. മെക്‌സെവന്‍ എന്ന ആരോഗ്യ കൂട്ടായ്മയില്‍ പോലും തീവ്രവാദം കണ്ടെത്തിയവരാണ് സിപിഎം. ഇസ്‌ലാമോഫോബിയ വളര്‍ത്തി സംഘപരിവാറിന് വിദ്വേഷ പ്രചരണത്തിന് പ്രതലമൊരുക്കി കൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് സിപിഎം കാലങ്ങളായി ചെയ്തുവരുന്നത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ വിഷലിപ്തമായ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ആര്‍എസ്എസും ബിജെപിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും അതുവഴി നേട്ടം കൊയ്യുകയും ചെയ്തിട്ടുണ്ട്. താല്‍ക്കാലിക ലാഭത്തിനുവേണ്ടിയിട്ടുള്ള സിപിഎമ്മിന്റെ ഇത്തരം പ്രസ്താവനകള്‍ മതനിരപേക്ഷ കേരളത്തിന് അപകടമാണെന്നും സിപിഎ ലത്തീഫ് പറഞ്ഞു.




Tags: