മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുന്നറിയിപ്പുമായി സിപിഎം

ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിർത്തണമെന്നും വ്യക്തിസൗഹൃദങ്ങളിൽ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നിർദേശം നൽകി.

Update: 2020-07-23 11:00 GMT

തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുന്നറിയിപ്പുമായി സിപിഎം. മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം ഇന്നു രാവിലെ 11 മണിക്കാണ് എകെജി സെന്ററിൽ വിളിച്ചു ചേർത്തത്. ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിർത്തണമെന്നും വ്യക്തിസൗഹൃദങ്ങളിൽ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നിർദേശം നൽകി. യോഗം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു.

വിവാദങ്ങൾ ക്ഷണിച്ചു വരുത്തരുത്, മന്ത്രിമാരുടെ ഓഫീസുകൾ കൂടുതൽ കാര്യക്ഷമമാകണം. ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസിൽ കയറ്റരുത് തുടങ്ങിയ  നിർദേശങ്ങൾക്കൊപ്പം ഓഫിസിൽ പാലിക്കേണ്ട പെരുമാറ്റരീതികളെ കുറിച്ചും കോടിയേരി സ്റ്റാഫുകളോട് വിശദീകരിച്ചു.

സർക്കാരിന്റെ പ്രതിച്ഛായ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ്. ആരോപണങ്ങൾക്ക് വഴിയൊരുക്കരുത്. തിരഞ്ഞെടുപ്പ് വരുന്നെന്ന ജാഗ്രത അനിവാര്യം. വരുംമാസങ്ങളിൽ ആരോപണങ്ങളും ആക്ഷേപങ്ങളും കൂടാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത വേണമെന്നും തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചന അനിവാര്യമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Tags: