10 വര്‍ഷത്തിനുള്ളില്‍ നാല് വീടുകള്‍; സക്കീര്‍ ഹുസൈനെതിരേ സിപിഎം

സക്കീര്‍ ഹുസൈന്‍ ദുബൈലേക്കെന്ന വ്യാജേന ബാങ്കോങിലേക്ക് യാത്രനടത്തിയതായും റിപോര്‍ട്ടില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നുണ്ട്‌.

Update: 2020-12-06 11:47 GMT

കൊച്ചി: മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേ സിപിഎം പാര്‍ട്ടി റിപോര്‍ട്ട്‌. അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതും വിദേശയാത്ര നടത്തിയതും എറണാകുളം ജില്ലാ കമ്മിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഏരിയ കമ്മിറ്റി അംഗമായിരിക്കെ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്നും 10 വര്‍ഷത്തിനുള്ളില്‍ നാല് വീടുകളാണ് സക്കീര്‍ ഹുസൈന്‍ കളമശ്ശേരിയില്‍ വാങ്ങിയതെന്നും റിപോര്‍ട്ടില്‍ പറഞ്ഞു.

സക്കീര്‍ ഹുസൈന്‍ ദുബൈലേക്കെന്ന വ്യാജേന ബാങ്കോങിലേക്ക് യാത്രനടത്തിയതായും റിപോര്‍ട്ടില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നുണ്ട്‌. നേരത്തെ പാര്‍ട്ടി ചിഹ്നത്തിലല്ലാതെ വോട്ട് ചെയ്തു എന്ന ആരോപണവും സക്കീര്‍ ഹുസൈനെതിരേ ഉയര്‍ന്നിരുന്നു. അതേസമയം സക്കീര്‍ ഹുസൈനെതിരെ നടപടിയാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഇഡിക്ക് പരാതി നല്‍കി. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സാമ്പത്തിക ക്രമക്കേടുകളിലൂടെയാണ് വീടുകള്‍ വാങ്ങിയതെന്നത് ഉള്‍പ്പടെയുള്ള പരാതികളാണ് സക്കീര്‍ ഹുസൈനെതിരെ ഉള്ളത്‌. എന്നാല്‍ തനിക്ക് രണ്ട് വീടുകളാണ് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലിയുള്ളതിനാല്‍ നികുതി ഒഴിവാക്കാനാണ് ലോണ്‍ എടുത്ത്‌കൊണ്ട് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമായിരുന്നു സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.