ശബരിമല: സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരിഹരിക്കണമെന്ന് സിപിഐ

സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘനടക്കു മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതാണ്.

Update: 2019-11-18 14:25 GMT

തിരുവനന്തപുരം: ശബരിമല ക്ഷേത്ര പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി നവംബര്‍ 14ന് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന അവ്യക്തതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ഭരണഘടനയെ സുപ്രധാനമായി കണക്കാക്കുന്ന രാജ്യമാണ് നമ്മുടേത്. ഭരണഘടനാനുസൃതമായി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാരും അതെല്ലാം സസൂക്ഷ്മം പരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട നീതിന്യായ സംവിധാനവുമാണ് ഇന്ത്യയ്ക്കുള്ളത്.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ട ഏറ്റവും ഉയര്‍ന്ന സ്ഥാപനമാണ് സുപ്രീം കോടതി. എന്നാല്‍ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘനടക്കു മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതാണ്.

ഭരണഘടനയുടെ അന്ത:സത്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് 2018 സപ്തംബര്‍ 28-ന് സുപ്രീംകോടതി അഞ്ചംഗ ബഞ്ചിന്റെ വിധി. പുന:പരിശോധനക്കായി സമര്‍പ്പിച്ച ഹരജികളിന്മേല്‍ വ്യത്യസ്ത മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള ആചാരാനുഷ്ഠാനങ്ങളുമായി ഭരണഘടനയുടെ 24, 26 വകുപ്പുകള്‍ പറയുന്ന മതസ്വാതന്ത്ര്യവുമായുള്ള പൊരുത്തക്കേടുകള്‍ പരിശോധിക്കുന്നതിനാണ് ഇപ്പോള്‍ 7 അംഗ ബഞ്ച് രൂപീകരണം വിധി ഉണ്ടായിരിക്കുന്നത്.

ഭരണഘടന മുന്നോട്ടുവെക്കുന്ന താല്‍പ്പര്യവും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ലംഘിക്കപ്പെടാതെ സംരക്ഷിക്കാന്‍ ഏറ്റവും ബാധ്യതപ്പെട്ട സ്ഥാപനമാണ് സുപ്രീംകോടതി. ഇതിന് ഇടിവ് തട്ടാന്‍ പാടില്ലാത്തതാണ്. സുപ്രീംകോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഇന്ത്യയിലെവിടേയും ബാധകമാണെന്ന് ആര്‍ട്ടിക്കിള്‍ 141 ചൂണ്ടിക്കാട്ടി ജസ്റ്റിസ് നരിമാന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജനാധിപത്യ ഭരണക്രമം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ശരിയായ രീതിയില്‍ അതെല്ലാം നടപ്പിലാവുന്നു എന്ന് ഉറപ്പുവരുത്താന്‍ ഉത്തരവാദിത്വമുള്ള സുപ്രീം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അവ്യക്തതയും ആശയക്കുഴപ്പവും ഇല്ലാത്തതായിരിക്കണം.

ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ വിധി നിയമവൃത്തങ്ങളില്‍പോലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ ആശയക്കുഴപ്പം പരിഹരിക്കാനും അതിനനുസരിച്ച് നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാവണമെന്ന് എക്‌സിക്യൂട്ടീവ് പ്രമേയത്തില്‍ പറഞ്ഞു.

പി പി സുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News