നിര്‍ബന്ധിത പണപ്പിരിവുമായി സിപിഐ; കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷനില്‍നിന്ന് പിരിച്ചത് 100 രൂപ വീതം
എല്‍ഡിഎഫ് ഭരിക്കുന്ന അഞ്ചല്‍ പഞ്ചായത്തിലെ 10ാം വാര്‍ഡിലെ കിടപ്പുരോഗികളില്‍നിന്നാണ് സിപിഐ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്.
കൊല്ലം: പാര്‍ട്ടിയുടെ പ്രവര്‍ത്തനഫണ്ടിലേക്ക് കിടപ്പുരോഗികളുടെ തുച്ഛമായ ക്ഷേമപെന്‍ഷനില്‍നിന്ന് സിപിഐ പണം പിരിച്ചതായി പരാതി. കൊല്ലം അഞ്ചലിലാണ് 25 ഓളം കിടപ്പുരോഗികളില്‍നിന്ന് 100 രൂപ വീതം സിപിഐ പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ പിരിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. എല്‍ഡിഎഫ് ഭരിക്കുന്ന അഞ്ചല്‍ പഞ്ചായത്തിലെ 10ാം വാര്‍ഡിലെ കിടപ്പുരോഗികളില്‍നിന്നാണ് സിപിഐ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്. പക്ഷാഘാതം വന്ന് അഞ്ചുവര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്. സിപിഐ പ്രവര്‍ത്തന ഫണ്ടിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷനെത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍, 10ാം വാര്‍ഡിലെ കിടപ്പുരോഗികളോ ബന്ധുക്കളോ അടുത്തുള്ള അങ്കണവാടിയിലെത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാനെത്തിയവര്‍ക്കാണ് പെന്‍ഷനില്‍നിന്നും അനുവാദമില്ലാതെ 100 രൂപയെടുത്തശേഷം ബാക്കി തുക കൊടുത്തത്. പാര്‍ട്ടി പ്രവര്‍ത്തനഫണ്ടിലേക്ക് 100 രൂപ എടുത്തതിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവയില്‍ പല തിയ്യതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി അറിഞ്ഞല്ല പിരിവെന്നാണ് സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ പ്രാദേശിക നേതൃത്വത്തോട് നിര്‍ദേശിച്ചതായി സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു.
