സി അച്യുതമേനോന്റെ പേര് തമസ്‌കരിച്ചു; പിണറായിക്ക് മറുപടിയുമായി സിപിഐ പ്രചാരണ ബോര്‍ഡ്

ഭൂപരിഷ്‌കരണം നടപ്പാക്കിയ അച്യുതമേനോന്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

Update: 2020-01-04 15:42 GMT

തിരുവനന്തപുരം: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സിപിഐ നേതാനും മുന്‍ മുഖ്യമന്ത്രിയുമായ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തലസ്ഥാനത്ത് സിപിഐയുടെ പ്രചാരണബോര്‍ഡ്. ഭൂപരിഷ്‌കരണം നടപ്പാക്കിയ അച്യുതമേനോന്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പാഴ്‌വാക്കുകളില്‍ മായുന്നതല്ല ഭൂപരിഷ്‌കരണത്തിന്റെ ചരിത്രശോഭ എന്ന തലകെട്ടോടെയാണ് ബോര്‍ഡുകള്‍. ഭൂപരിഷ്‌കരണം നടപ്പാക്കിയ സമയത്ത് അച്യുതമേനോനെ അഭിനന്ദിച്ച് മുഴക്കിയ മുദ്രാവാക്യവും ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തിനെതിരേ സിപിഐ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയതിന് പിന്നാലെയാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭൂപരിഷ്‌കരണ നിയമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇഎംഎസിനെയും ഗൗരിയമ്മയേയും പരാമര്‍ശിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രി അച്യുതമേനോനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഇതിനെതിരേ സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനപ്പൂര്‍വമായ തമസ്‌കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യംചെയ്യുന്നതെന്നായിരുന്നു മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നത്.  

Tags:    

Similar News