വൈദ്യുതി ബില്ലിലെ അപാകത പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: സിപിഐ

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കില്‍ പണം ഈടാക്കാന്‍ കെഎസ്ഇബി ശ്രമിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

Update: 2020-06-17 12:15 GMT

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ഉപയോഗത്തിന് കെഎസ്ഇബി നല്‍കിയിരിക്കുന്ന ബില്ലിനെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി അന്വേഷിക്കാനും പരാതി പരിഹരിക്കാനും തെറ്റുകള്‍ തിരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയ ബില്ലിനെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നു വന്നിരിക്കുകയാണ്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കില്‍ പണം ഈടാക്കാന്‍ കെഎസ്ഇബി ശ്രമിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

നാലുമാസം ഉപയോഗിച്ച വൈദ്യുതിയുടെ യൂണിറ്റ് കണക്കാക്കി ശരാശരിയെടുത്ത് ബില്‍ നല്‍കിയെന്നാണ് വൈദ്യുതി ബോര്‍ഡ് ഇതിന് നല്‍കുന്ന വിശദീകരണം. വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം കൊണ്ട് ഉപഭോക്താക്കള്‍ തൃപ്തരല്ല.

കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും ഇത് പ്രചരണായുധമാക്കി സമര രംഗത്താണ്. വൈദ്യുതി ബില്ലിനെക്കുറിച്ചുള്ള പരാതി പരിഹരിക്കാന്‍ സർക്കാർ അടിയന്തരമായി മുന്നോട്ടു വരണം.

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്‍ നല്‍കിയ നടപടിയെ എന്ത് ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

എല്ലാവിഭാഗം ജനങ്ങളുടെയും ദുരിതം കൂട്ടാന്‍ ഇടയാക്കുന്ന ദിനംപ്രതിയുള്ള ഇന്ധന വിലവര്‍ദ്ധന തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ലോകത്തിനാകെ ദുരിതം സമ്മാനിച്ച മഹാമാരിയുടെ കാലത്തും നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ധന വില തുടര്‍ച്ചയായ പത്താം ദിനവും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

82 ദിവസത്തെ ഇടവേളയ്ക്കു ശേഷം ജൂണ്‍ 7 മുതലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഇന്ധനവില കൂട്ടാന്‍ കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വില കുത്തനെ കുറഞ്ഞപ്പോള്‍ ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറയ്ക്കുന്നതിനെ കുറിച്ച് മിണ്ടാതിരിക്കുകയും വിലകൂട്ടുമ്പോള്‍ ജനങ്ങളെ കൊള്ളയടിക്കുകയുമാണ് എണ്ണകമ്പനികള്‍. കേന്ദ്രസര്‍ക്കാര്‍ ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയും കൂടി. ഈ മാസം ഏഴ് മുതല്‍ 17 വരെയുള്ള തീയതിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 6.08 രൂപയും പെട്രോളിന് 6.03 രൂപയുമാണ് കൂടിയത്. ഇന്ധന വിലയില്‍ അടിക്കടി ഉണ്ടാകുന്ന വിലവര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയ്ക്കും കാരണമാകും.

ഇന്ധന വില വര്‍ദ്ധനവിനെതിരെ സിപിഐ ജൂണ്‍ 20-ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രതിഷേധ ദിനം കേരളത്തില്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. കൊവിഡ് -19 ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പാര്‍ട്ടി ബ്രാഞ്ചിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുവാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

Tags: