കൊവിഡ് വാക്‌സിന്‍ കേന്ദ്ര നയം തിരുത്തണം: നാളെ ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പ്രതിഷേധം
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ കേന്ദ്ര നയം തിരുത്തണമെന്നാവശ്യപ്പെട്ട് നാളെ ഡിവൈഎഫ്‌ഐ'പോസ്റ്റര്‍ പ്രതിഷേധം' സംഘടിപ്പിക്കുന്നു. ജനങ്ങളുടെ ജീവനും പ്രാണവായുവിനും വിലയിടുന്ന കേന്ദ്രനയത്തിനെതിരെ ജനരോഷം ആളിക്കത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാളെ 'പോസ്റ്റര്‍ പ്രൊട്ടസ്റ്റ്' സംഘടിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് പോലെ തന്നെ പ്രാണവായുവും ചികിത്സയും നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ഈ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും മുഴുവന്‍ യുവതീ യുവാക്കളും സന്നദ്ധമാകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാക്‌സിന്‍ നയം കടുത്ത ചൂഷണത്തിന് വഴിവയ്ക്കും. ആകെ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50% കേന്ദ്രത്തിന് നല്‍കണമെന്നും ബാക്കി 50% സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലും വിലയ്ക്ക് വില്‍ക്കാമെന്നുമാണ് മോദി സര്‍ക്കാര്‍ പറയുന്നത്. വില എത്ര ഈടാക്കണമെന്ന് കമ്പനികള്‍ക്ക് നിശ്ചയിക്കാം. മുന്‍കൂട്ടി പരസ്യപ്പെടുത്തണമെന്ന് മാത്രം മോദി സര്‍ക്കാര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോ വിഷീല്‍ഡിന്റെ വില, ഒരു ഡോസിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത് 150 രൂപയ്ക്കാണെന്ന് ഓര്‍മ്മിക്കണം.
മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൂടി വാക്‌സിന്‍ വിതരണം ആരംഭിക്കുകയാണ്. ഇതോടെ, വാക്‌സിന്റെ ചോദനം ഗണ്യമായി വര്‍ദ്ധിക്കും. ആവശ്യത്തിനുള്ള അളവില്‍ വാക്‌സിന്‍ നിര്‍മ്മാണം ഇതുവരെയും രാജ്യത്ത് വര്‍ദ്ധിപ്പിച്ചിട്ടില്ല. കൃത്രിമമായ വാക്‌സിന്‍ ക്ഷാമം സൃഷ്ടിക്കാനും ഈ മരുന്ന് കമ്പനികള്‍ മടിച്ചെന്ന് വരില്ല. വാക്‌സിന്‍ നയം പ്രഖ്യാപിച്ചതോടെ വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തടിയൂരി കഴിഞ്ഞു. വാക്‌സിന്‍ നിര്‍മാണത്തില്‍ കേന്ദ്ര സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ ഒരു നിയന്ത്രണവും ഇല്ല. സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനികളുടെ സ്വതന്ത്ര വിഹാരത്തിനാണ് കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നത്. എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ വാക്‌സിന്‍ കൊടുക്കുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

