കോട്ടയത്ത് കൊവിഡ് വാക്‌സിനേഷന് ഇനി സ്ഥിരം കേന്ദ്രം

Update: 2021-03-25 15:41 GMT

കോട്ടയം: നഗരത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി സ്ഥിരം കേന്ദ്രം തുറന്നു. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലെ ഈ കേന്ദ്രം പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും ഒഴികെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. രണ്ടാം ശനിയാഴ്ചകളിലും പ്രവൃത്തി ദിവസമായിരിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെയാണ് വാക്‌സിന്‍ നല്‍കുക.

ഒരുദിവസം 500 മുതല്‍ 1000 പേര്‍ക്ക് വരെ കുത്തിവയ്പ്പ് നല്‍കാനുള്ള ക്രമീകരണമുണ്ട്. 60 വയസിനു മുകളിലുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ ആധാര്‍ കാര്‍ഡുമായി നേരിട്ടെത്തി ഇവിടെനിന്ന് വാക്‌സിന്‍ സ്വീകരിക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്യാത്തവരെയും പരിഗണിക്കും. ഏപ്രില്‍ മൂന്ന് മുതല്‍ മെയ് 31 വരെ 45 വയസിനു മുകളിലുള്ളവര്‍ക്കും ഈ കേന്ദ്രത്തില്‍ വാക്‌സിന്‍ നല്‍കും.

Tags: