കൊവിഡ് വാക്‌സിനേഷന്‍: സംശയനിവാരണത്തിന് ആരോഗ്യവകുപ്പ് ശില്‍പശാല നടത്തുന്നു; പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പങ്കെടുക്കാം

ജനുവരി 16ന് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്ന അവസരത്തില്‍ പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

Update: 2021-01-14 01:48 GMT

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 16ന് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്ന അവസരത്തില്‍ പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10 മണി മുതല്‍ ഒരുമണി വരെ തിരുവനന്തപുരം സിഡിറ്റില്‍ (ഗോര്‍ക്കി ഭവന്‍) വച്ചാണ് ശില്‍പശാല. ആരോഗ്യമന്ത്രി കെ കെ ശൈലജ ശില്‍പശാല ഉദ്ഘാടനം ചെയ്യും.

വളരെയേറെ ആനുകാലിക പ്രാധാന്യമുളള ഈ പാനല്‍ ചര്‍ച്ചയിലേക്ക് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്കുളള മറുപടി ചര്‍ച്ചയില്‍ പൊതുജനാരോഗ്യവിദഗ്ധര്‍ നല്‍കും. ചോദ്യങ്ങള്‍ 9446528176, 7012516029 എന്നീ വാട്ട്‌സ് ആപ്പ് നമ്പറുകളിലേക്ക് അയക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്കുളള മറുപടി ഈ ലൈവ് സെഷനില്‍വച്ചുതന്നെ നല്‍കുന്നതായിരിക്കും.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തുന്ന ചടങ്ങില്‍ പ്ലാനിങ് ബോര്‍ഡ് മെംബര്‍ ഡോ. ബി ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂഎച്ച്ഒ പ്രതിനിധി ഡോ. റോഡറിഗോ എച്ച് ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

കൊവിഡ് വാക്‌സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി എസ് ഇന്ദു, കൊവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്എടി ആശുപത്രി അസി. പ്രഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹികാരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി എസ് അനീഷ്., വാക്‌സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാ ബീവി എന്നിവര്‍ സംസാരിക്കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. പി പി പ്രീത പങ്കെടുക്കും.

Tags: