ചുവപ്പുമേഖലയിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ നേരത്തേയ്ക്ക് ലോക്ക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളിലെ പോലിസ് പരിശോധന കര്‍ശനമാക്കും.

Update: 2020-04-25 14:02 GMT

തിരുവനന്തപുരം: ചുവപ്പുമേഖലയിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ കാസര്‍ഗോഡ് ജില്ലയില്‍ നടപ്പാക്കിയതുപോലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനപരിശോധന കര്‍ശനമാക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പട്രോളിങ് ശക്തിപ്പെടുത്തും. അവശ്യസാധനങ്ങള്‍ പോലിസ് വാങ്ങി വീടുകളിലെത്തിക്കും. മറ്റു ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയില്‍കൂടി മാത്രമാക്കി. ഇത്തരം സ്ഥലങ്ങളില്‍ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിച്ചു.

ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ നേരത്തേയ്ക്ക് ലോക്ക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളിലെ പോലിസ് പരിശോധന കര്‍ശനമാക്കും. ഈ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ചരക്കുവാഹനങ്ങളുടെ നീക്കം കഴിവതും ഒഴിവാക്കണം. ലോക്ക് ഡൗണില്‍ നിരവധി ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന് തുറന്നിരിക്കുന്ന സ്ഥാപന ഉടമകളെ പോലിസ് സഹായിക്കും. കൈകള്‍ കഴുകുക, മാസ്‌ക് ധരിക്കുക, മറ്റൊരാളില്‍നിന്ന് കുറഞ്ഞത് ഒരുമീറ്റര്‍ അകലം പാലിക്കുക എന്നിവ നടപ്പാക്കാനാണ് പോലിസ് സഹായിക്കുന്നത്. ഇതിന് ആവശ്യമായ നിര്‍ദേശം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് നല്‍കി.

ആശുപത്രികള്‍, ഡോക്ടര്‍മാര്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവരില്‍നിന്ന് മരുന്നുകള്‍ ശേഖരിച്ച് കേരളത്തില്‍ എവിടെയുമുള്ള രോഗികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനം പോലിസ് വിജയകരമായി നടപ്പാക്കിവരികയാണ്. ഈ സേവനം ആവശ്യമുള്ളവര്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണം. പദ്ധതിയുടെ സംസ്ഥാനതല ഏകോപനം നിര്‍വഹിക്കുന്നതിന് ക്രൈംബ്രാഞ്ച് മേധാവിയും എഡിജിപിയുമായ ടോമിന്‍ തച്ചങ്കരിയെ ചുമതലപ്പെടുത്തി.  

Tags:    

Similar News