രോഗവ്യാപനത്തിനിടെ തിരുവനന്തപുരം ജില്ലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നു

രോഗികളുടെ എണ്ണം ഉയർന്നതോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്

Update: 2020-07-27 11:15 GMT

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നു. ഇന്നലെ നടന്നത് വെറും 570 പരിശോധനകൾ മാത്രം. രോഗികളുടെ എണ്ണം ഉയർന്നതോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ലക്ഷണങ്ങളില്ലാത്തവരെ വീടുകളിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. അതിതീവ്ര രോഗബാധ മേഖലകളിൽ ഒഴികെയുളള കോർപറേഷൻ വാർഡുകളിൽ ലോക്ക് ഡൗൺ പിൻവലിക്കാനാണ് സാധ്യത.

നഗരമേഖലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 49 പേർക്കാണ്. ആകെ രോഗബാധിതർ 175. ഇതിൽ എട്ട് ആരോഗ്യപ്രവർത്തകരുൾപ്പെടെ 172 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്ടു ഭിക്ഷാടകരും രോഗബാധിതരായി. ആദിവാസി മേഖലയായ കോട്ടൂരിലെ പതിനഞ്ചുകാരനും നെയ്യാറ്റിൻകര ആശുപത്രിയിലെത്തിയ ആറ് രോഗികൾക്കും കൊവിഡ് സ്്ഥിരീകരിച്ചു. തീരദേശത്തിനു പുറത്തേയ്ക്കും കൊവിഡ് പടരുകയാണ്. പരിശോധനകൾ ഇരട്ടിയാക്കേണ്ട നിർണായക ഘട്ടത്തിലാണ് പരിശോധനകൾ കുറയുന്നത്.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താൽ 20ന് - 884 , 21 ന് - 979, 22ന് 1032, 23ന് 828, 24 ന് 786 , 25ന് 645, 26ന് 570 എന്നിങ്ങനെയാണ് പരിശോധനകളുടെ എണ്ണം. എളുപ്പത്തിൽ രോഗബാധിതരെ കണ്ടെത്താൻ കഴിയുന്ന ആന്റിജൻ പരിശോധന അതിതീവ്രമേഖലയായ പുല്ലുവിളയിൽ ഇന്നലെ നടത്തിയത് രോഗബാധിതന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട 10 പോലിസുകാർക്ക് മാത്രം. ഇതിൽ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് പോസിറ്റീവായി. ഇടവ മുതൽ പെരുമാതുറ വരെയുളള ഒന്നാം തീരദേശ സോണിൽ ഇന്ന് മുതൽ മൊബൈൽ യൂണിറ്റുകൾ പരിശോധനയ്‌ക്കെത്തുമെന്നറിയിപ്പുണ്ട്. കോർപറേഷൻ മേഖലയിൽ മൂന്നാഴ്ചത്തെ ലോക്ഡൗൺ കാലാവധി അവസാനിക്കാനിരിക്കെ രോഗബാധ കുറവുളള ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. ഹോട്ടലുകളിൽ ഹോംഡെലിവറി അനുവദിക്കാനും ആലോചനയുണ്ട്. രോഗികളുടെ എണ്ണം വർധിച്ചതോടെ പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളും നിറഞ്ഞു. 

Tags:    

Similar News