പോലിസുകാരന് കൊവിഡ്; കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കും

സെക്രട്ടേറിയറ്റിലെ രണ്ടാം നമ്പര്‍ ഗേറ്റിലടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍ സമൂഹ വ്യാപനത്തിന് സാധ്യതയേറെയാണ്.

Update: 2020-07-04 02:45 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കും. എആര്‍ ക്യാമ്പിലെ പോലിസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെക്രട്ടേറിയറ്റിലെ രണ്ടാം നമ്പര്‍ ഗേറ്റിലടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍ സമൂഹ വ്യാപനത്തിന് സാധ്യതയേറെയാണ്. 17 പേര്‍ക്കാണ് വെള്ളിയാഴ്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

സൗദി അറേബ്യ ,ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും തിരുവനന്തപുരത്തെത്തിയ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്കും സൗദിയില്‍ നിന്നെത്തിയ നെടുമങ്ങാട് സ്വദേശിക്കും ദമാമില്‍ നിന്നും കൊച്ചിയിലെത്തിയ വര്‍ക്കല സ്വദേശി, ജമ്മുകാശ്മീരില്‍ നിന്നും വെള്ളനാട് എത്തിയ സിആര്‍പിഎഫ് ജവാന്‍, ചെന്നെയില്‍ നിന്നും റോഡുമാര്‍ഗം തലസ്ഥാനത്തെത്തിയ തിരുമല സ്വദേശി, ദമാമില്‍ നിന്നെത്തിയ തോണിപ്പാറ ഹരിഹരപുരം സ്വദേശി, ദുബായിയില്‍ നിന്നെത്തിയ നേമം സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ നെയ്യാറ്റിന്‍കര സ്വദേശി ഇയാളുടെ ഏഴ് വയസ്സുള്ള മകന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്നലെ പുതുതായി 773 പേരെയാണ് കൊവിഡ് നിരീക്ഷണത്തിലാക്കിയത്. 46 പേരെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ കടകള്‍ രാത്രി ഏഴിന് അടക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. നഗരത്തിലിറങ്ങുന്നവര്‍ ബ്രേക്ക് ദ ചെയിന്‍ ഡയറി കൈയ്യില്‍ കരുതണമെന്നും പലവ്യഞ്ജന, പച്ചക്കറി കടകള്‍ തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂവെന്നും മേയര്‍ പഞ്ഞു. വ്യാപാരകേന്ദ്രങ്ങളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. കടകളില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ അടച്ച് പൂട്ടുമെന്നും ഇന്നു മുതല്‍ കര്‍ശന നിയനത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മേയര്‍ വ്യക്തമാക്കി. അനാവശ്യ യാത്രകള്‍ക്കും നഗരത്തില്‍ വിലക്കുണ്ട്. 

Tags: