കോഴിക്കോട് ജില്ലയില്‍ അതിവ്യാപനം കുറയുന്നു; ടിപിആര്‍ നിരക്ക് 30ന് മുകളിലുള്ളത് ഏഴിടങ്ങളില്‍
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് അതിവ്യാപനം കുറഞ്ഞുവരുന്നതായി വിലയിരുത്തല്‍. ജില്ലയില്‍ മെയ് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 30 ശതമാനത്തിനു മുകളിലുളളത് ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍. മെയ് ഒമ്പത് മുതല്‍ 15 വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെയ് മൂന്ന് മുതല്‍ ഒന്‍പത് വരെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ടിപിആര്‍ നിരക്ക് 30 ശതമാനത്തിനു മുകളിലായിരുന്നു. രോഗവ്യാപനം കൂടിയ മേഖലകളില്‍ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും പോലിസും ചേര്‍ന്ന് നടത്തിയ കാര്യക്ഷമമായ ഇടപെടലാണ് ടിപിആര്‍ കുറയാന്‍ സഹായിച്ചത്.
ജില്ലയുടെ അതിരുകള്‍ പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിലാണ് നിലവില്‍ രോഗ വര്‍ധനയുളളത്. കൊവിഡ് പരിശോധന കൂട്ടി രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് ജില്ലാതല വിദഗ്ദ്ധ സമിതിയുടെ തീരുമാനം. 40 ശതമാനത്തിന് മുകളിലേക്ക് ടിപിആര്‍ ഉയരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും ആലോചിക്കുന്നു. ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക് രേഖപ്പെടുത്തിയത് 36 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്. കക്കോടി (35), പനങ്ങാട് (34), അഴിയൂര്‍ (34), പെരുമണ്ണ (33), കോട്ടൂര്‍(32), തൂണേരി (32) പഞ്ചായത്തുകളിലാണ് 30 ന് മുകളില്‍ ടിപിആര്‍ ഉള്ളത്.
ഫറോക്ക് (29), ഒഞ്ചിയം(29), വളയം(29), കാക്കൂര്‍(29), കാരശ്ശേരി (28), ചേളന്നൂര്‍ (28), തിക്കോടി(28), ഉണ്ണികുളം (28), മണിയൂര്‍(28), തലക്കുളത്തൂര്‍ (27), ചെറുവണ്ണൂര്‍ (27), ചോറോട്(27), നരിക്കുനി(27), കട്ടിപ്പാറ(26), വേളം(26), കൊടിയത്തൂര്‍(26), കുരുവട്ടൂര്‍(25), പെരുവയല്‍(25), കടലുണ്ടി(25) എന്നിവയാണ് ടിപിആര്‍ 25 ന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങള്‍. 27 തദ്ദേശസ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്ക് 20 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലാണ്. എറ്റവും കുറവ് ടിപിആര്‍ ഉള്ളത് മൂന്ന് പഞ്ചായത്തുകളിലാണ്. കായണ്ണ, മേപ്പയ്യൂര്‍, കുറ്റിയാടി പഞ്ചായത്തുകളിലാണ് കുറവ് ടിപിആര്‍ 13 ശതമാനം.

