കൊവിഡ് വ്യാപനം രൂക്ഷം; മലപ്പുറത്ത് കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലും ഏഴ് പഞ്ചായത്തിലും നിരോധനാജ്ഞ

Update: 2021-04-21 03:38 GMT

മലപ്പുറം: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ. പഞ്ചായത്ത് പരിധിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 60 ല്‍ കൂടുതലാവുകയും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയെക്കൂടാതെ ചീക്കോട്, ചെറുകാവ്, പളളിക്കല്‍, പുളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് ഇന്ന് രാത്രി 9 മണി മുതല്‍ ഈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉല്‍സവങ്ങളോ മതപരമായ ചടങ്ങുകളോ നടത്തരുത്. സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചിരിക്കണം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അവശ്യസര്‍വീസുകള്‍ക്കും ഉത്തരവ് നടപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമല്ല. ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1,900 ന് മുകളിലാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണ്. മാര്‍ച്ച് മാസം ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അഞ്ചുശതമാനത്തിന് താഴെയായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നുദിവസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് യഥാക്രമം 22.2 ശതമാനം, 20.05 ശതമാനം, 23.17 ശതമാനം എന്നിങ്ങനെയാണ്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇത് 40 ശതമാനത്തിന് മുകളിലുമായി.

Tags: