ആശങ്ക വിതച്ച് കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

Update: 2022-01-10 00:52 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. രോഗവ്യാപനം അതിരൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കൊവിഡിനൊപ്പം ഒമിക്രോണ്‍ വ്യാപനവും യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാര്‍ഗങ്ങളിലും വിദഗ്ധസമിതിയുടേതടക്കം പുതിയ നിര്‍ദേശങ്ങള്‍ തേടും.

കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും ഇന്ന് നടക്കും. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് ഏഴുദിവസത്തെ ക്വാറന്റൈനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്നതിലും ഇന്ന് ചര്‍ച്ചകളുണ്ടാവും.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസം 6,238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വര്‍ധന. ടിപിആറും ഉയര്‍ന്നു. ഇന്നലെ 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Tags: