കൊവിഡ് വ്യാപനം: വിദ്യാരംഭം വീടുകളില്‍തന്നെ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി

സ്വകാര്യവാഹനങ്ങളിലും ടാക്‌സികളിലും യാത്രചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നതില്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അശ്രദ്ധകള്‍ നാം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കും.

Update: 2020-10-22 16:11 GMT

തിരുവനന്തപുരം: വിജയദശമി ദിവസമായ തിങ്കളാഴ്ച വിദ്യാരംഭ ചടങ്ങുകളുണ്ടാവുമെന്നും കുട്ടികളുടെ താല്‍പര്യവും ആരോഗ്യവും സംരക്ഷിക്കാനായി ഇത്തവണ വിദ്യാരംഭം വീടുകളില്‍തന്നെ നടത്തുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു മാത്രമേ മാതാപിതാക്കളും വളരെ അടുത്ത ബന്ധുക്കളും വീടുകളില്‍ നടക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകളില്‍ പങ്കെടുക്കാവൂ. തുലാമാസ പൂജയോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭക്തരെ മാത്രമാണ് ശബരിമലയിലേയ്ക്ക് കടത്തിവിട്ടിരുന്നത്.

അഞ്ചുദിവസത്തെ തീര്‍ത്ഥാടനകാലത്ത് ദിവസേന 250 പേര്‍ വീതം 1,250 പേരെ ദര്‍ശനത്തിന് പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇക്കാലയളവില്‍ വെര്‍ച്വല്‍ ക്യു വഴി രജിസ്റ്റര്‍ ചെയ്ത 673 ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ആദ്യദിവസം 146 പേരും രണ്ടാം ദിവസം 164 പേരും മൂന്നാം ദിവസം 152 പേരും വെര്‍ച്വല്‍ ക്യു സംവിധാനം പ്രയോജനപ്പെടുത്തി ശബരിമലയിലെത്തി. നാലാമത്തെ ദിവസം 122 പേരും അവസാന ദിവസം 89 പേരുമാണ് ദര്‍ശനത്തിനെത്തിയത്. ദര്‍ശനത്തിനെത്തിയവരില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെരുനാട് കൊവിഡ് ചികില്‍സാകേന്ദ്രത്തിലേയ്ക്ക് മാറ്റി.

ബംഗളൂരുവില്‍നിന്നുവന്ന ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവന്നതോടെ വാഹനങ്ങള്‍ കൂടുതലായി നിരത്തിലുണ്ട്. സ്വകാര്യവാഹനങ്ങളിലും ടാക്‌സികളിലും യാത്രചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നതില്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അശ്രദ്ധകള്‍ നാം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കും. ഡ്രൈവിങ് സ്‌കൂളുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയതോടെ നിരവധി ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ റോഡില്‍ ഇറങ്ങിയിട്ടുണ്ട്. ഇവര്‍ കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം വാഹനങ്ങളില്‍ വിദ്യാര്‍ഥികളും പഠിപ്പിക്കുന്നയാളും നിര്‍ബന്ധമായും മാസ്‌കും കൈയുറയും ധരിക്കണം.

കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാന്‍ കഴിയുന്നത്രയും ആളുകളെ മാത്രമേ ഒരുസമയം വാഹനത്തില്‍ കയറ്റാവൂ. ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണം. വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാവുന്നതിലും അധികമാളുകള്‍ ചില സ്ഥലങ്ങളില്‍ വന്നുകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവാഹങ്ങള്‍ അധികമായി നടക്കുന്ന സമയമാണിത്. ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമുണ്ടാവണം. ബന്ധപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓരോ പ്രദേശത്തും നടക്കുന്ന ഇത്തരം ചടങ്ങുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം.

കുറേ കാലത്തേക്കുകൂടി ആഘോഷപരിപാടികളില്‍ നാം ഇതേ നിയന്ത്രണം തുടരേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതു ശുഭസൂചനയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആയിരത്തിനു താഴെയാണ് ജില്ലയിലെ പ്രതിദിനരോഗബാധിതരുടെ എണ്ണം. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 29 ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്. ആറന്‍മുള നീര്‍വിളാകം കോളനി കേന്ദ്രീകരിച്ച് പുതിയ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഈ ക്ലസ്റ്ററില്‍ ബുധനാഴ്ച (ഒക്ടോബര്‍ 21) വരെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഓമല്ലൂര്‍, കുമ്പഴ, കൂടല്‍, തണ്ണിത്തോട്, വടശേരിക്കര, മല്ലപ്പള്ളി, തിരുവല്ല, ആറന്‍മുള, നാറാണംമൂഴി, പ്രമാടം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തും ജോലിചെയ്യുന്ന ഇടത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് കരാറുകാര്‍ ഉറപ്പുവരുത്തണം. തൃശൂര്‍ ജില്ലയില്‍ പത്തു വയസ്സിനു താഴെയുള്ളവരിലും 60 വയസ്സിന് മുകളില്‍ ഉള്ളവരിലും രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഒക്ടോബര്‍ 10 മുതല്‍ 21 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 692 കുട്ടികളാണ് രോഗബാധിതരായത്. 60 വയസ്സിന് മുകളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1238 ആയി.

കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളില്‍ 400 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 680 തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യസ്ഥാപനത്തിന്റെ അഭ്യര്‍ഥനപ്രകാരം അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ എഫ്എല്‍ടിസി ക്രമീകരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണികളായ രോഗികള്‍ക്ക് ആശുപത്രികളില്‍ ചികില്‍സ നിഷേധിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ക്ക് കൊവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികള്‍ നല്‍കണം. കൊവിഡിന്റെ പേരില്‍ ഗര്‍ഭിണികളെ ചില ആശുപത്രികള്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സംഭവമുണ്ടായി. പ്രസവാനന്തര ചികില്‍സ, പ്രസവം എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കി.

കാസര്‍കോട് ജില്ലയില്‍ കൊവിഡ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്ന് വരുന്നവര്‍ കൊവിഡ് 19 ജാഗ്രതാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

Tags:    

Similar News