കൊവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ മാത്രം

ജൂലൈ 27 മുതല്‍ ആഗസ്ത് 10 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടുവരെ ഭക്ഷണം പാഴ്സല്‍ നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല.

Update: 2020-07-24 14:45 GMT

മലപ്പുറം: ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് ജില്ലാതല സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം തീരുമാനിച്ചു. ജൂലൈ 27 മുതല്‍ ആഗസ്ത് 10 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടുവരെ ഭക്ഷണം പാഴ്സല്‍ നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. ഇറച്ചി, മല്‍സ്യക്കടകളിലെ ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുള്ളതിനാല്‍ ഇവിടങ്ങളില്‍ പോലിസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പുകള്‍ പരിശോധന നടത്തും. തുറന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അകത്തും പുറത്തും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

ദുരന്തനിവാരണത്തിന്റെ ഭാഗമായി ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അടിയന്തരമായി വാങ്ങുന്നതിനും യോഗം തീരുമാനിച്ചു. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക യൂനിഫോം നല്‍കും. യോഗത്തില്‍ ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം, സിഎഫ്എല്‍ടിസി നോഡല്‍ ഓഫിസര്‍ എന്‍ എസ് കെ ഉമേഷ്, സബ് കലകടര്‍ കെ എസ് അഞ്ജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി റഷീദ് ബാബു, ഡെപ്യൂട്ടി കലകടര്‍ പി എന്‍ പുരുഷോത്തമന്‍, ഡിപിഎം ഡോ.ഷിബുലാല്‍, ജില്ലാ ഫയര്‍ഫോഴ്സ് ഓഫിസര്‍ മൂസ വടക്കേതില്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍ പി ടി ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags: