കേരളത്തിലെ കൊവിഡ് വ്യാപനം; കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും, നാളെ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച

Update: 2021-08-01 01:43 GMT

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജിത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്തുന്നത്. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലാണ് സന്ദര്‍ശനം നടത്തിവരുന്നത്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ സംഘം ഇന്ന് സന്ദര്‍ശനം നടത്തും.

തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. ജില്ലയിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം ഞായറാഴ്ച ജില്ലയിലെത്തുമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ കലക്ടറേറ്റില്‍ അവലോകന യോഗം ചേരും. ദുരന്തനിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍, ദേശീയ രോഗനിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ രഘു എന്നിവരാണ് ടീം അംഗങ്ങള്‍.

ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുരാധയാണ് നോഡല്‍ ഓഫിസര്‍. കൊവിഡ് പരിശോധന, കോണ്‍ടാക്ട് ട്രെയ്‌സിങ്, ചികില്‍സാ സംവിധാനങ്ങള്‍, വാക്‌സിനേഷന്‍ പുരോഗതി, നിയന്ത്രണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സംഘം വിലയിരുത്തും. അതേസമയം, ഇന്നലെ ആലപ്പുഴയിലെത്തി കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. കലക്ടേറ്റിലെത്തിയ സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയിലേറെയും റിപോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായതിനാലാണ് സാഹചര്യം വിലയിരുത്താനായി കേന്ദ്രം അടിയന്തരമായി വിദഗ്ധസംഘത്തെ അയച്ചത്. കേരളത്തില്‍ ശനിയാഴ്ച 20,624 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,67,579 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനമാണ്.

Tags:    

Similar News