കോട്ടയത്ത് കൊവിഡ് തീവ്രവ്യാപനം; 54 തദ്ദേശസ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20ന് മുകളില്‍

Update: 2021-04-27 03:46 GMT

കോട്ടയം: ഏപ്രില്‍ 19 മുതല്‍ 25 വരെ കോട്ടയം ജില്ലയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായ 58176 പേരില്‍ 13822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇക്കാലയളവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 23.34 ആണ്. ആകെ 71 ഗ്രാമപ്പഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളുമുള്ള ജില്ലയില്‍ 54 തദ്ദേശ സ്ഥാപനങ്ങളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20ന് മുകളിലാണ്.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഒരു മേഖലയിലും പോസിറ്റീവിറ്റി 11 ശതമാനത്തില്‍ കൂടിയിരുന്നില്ല. വൈക്കം താലൂക്കിലെ ചെമ്പ് ഗ്രാമപ്പഞ്ചായത്തിലാണ് പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് 56.26 ശതമാനം. മൂന്നു പഞ്ചായത്തുകളില്‍ ടിപിആര്‍ 40നും 50നും ഇടയിലാണ്. മറവന്തുരുത്ത്(45.5), തലയാഴം(45.3), ഉദയനാപുരം(41.99) എന്നിവയാണ് ഈ പഞ്ചായത്തുകള്‍.

മറവന്തുരുത്തില്‍ പരിശോധനയ്ക്ക് വിധേയരായ 389 പേരില്‍ 177 പേരും തലയാഴത്ത് 331 ല്‍ 150 പേരും ഉദയനാപുരത്ത് 624 ല്‍ 262 പേരും രോഗബാധിതരാണെന്ന് കണ്ടെത്തി. കുമരകം, മീനടം, ടിവിപുരം, കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, വാകത്താനം, വെളളൂര്‍, വാഴപ്പള്ളി, മാടപ്പള്ളി എന്നീ പത്ത് പഞ്ചായത്തുകളില്‍ പോസിറ്റീവിറ്റി 30നും 40നും ഇടയിലാണ്. 40 തദ്ദേശസ്ഥാപനങ്ങളില്‍ പോസിറ്റീവിറ്റി നിരക്ക് 20നും 30നും ഇടയിലാണ്.

Tags:    

Similar News