കൊവിഡ് നിയന്ത്രണം: ഇമാംസ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

Update: 2021-04-25 15:00 GMT


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ ശ്രദ്ധയിലേക്കായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി വിശദമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇന്ത്യയില്‍ മഹാമാരിയായി കൊവിഡ് വന്നപ്പോള്‍ കര്‍ശന നിയന്ത്രണം നിലവില്‍ വന്നിട്ടില്ലാത്ത സന്ദര്‍ഭത്തില്‍ ഡല്‍ഹിയില്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ നിഷ്‌കളങ്കമായി ഒത്തുചേര്‍ന്നപ്പോള്‍ അവരാണ് കൊവിഡിന്റെ പ്രചാരകര്‍ എന്ന നിലയില്‍ ചില കേന്ദ്രങ്ങള്‍ ഇസ്‌ലാമോഫോബിയ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇത് മുസ്‌ലിംകള്‍ കൊവിഡിന്റെ പ്രചാരകരാണെന്ന പൊതുബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. അതിനോടൊപ്പം നില്‍ക്കുന്നതാണ് വിവേചനപരമായ നിയന്ത്രണം, പള്ളികളില്‍ മാത്രമായി നടപ്പിലാക്കുമ്പോള്‍ മേല്‍ പറഞ്ഞ പൊതുബോധത്തെ ശരിവയ്ക്കുകയാണ് ചെയ്യുന്നത്. ഇത് മുസ്‌ലിംകളില്‍ അസ്വസ്തതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതിനു ഇടയാക്കുന്നുണ്ട്.അതിനാല്‍ വിവേചനമില്ലാത്ത പൊതുവായ നിയന്ത്രണം എല്ലാവര്‍ക്കും സ്വീകാര്യമായ നിലയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.

പൊതുനിരത്തുകള്‍, കമ്പോളങ്ങള്‍, പൊതുഗതാഗതം എന്നിവിടങ്ങളില്‍ ബാധകമാക്കാത്ത നിയന്ത്രണങ്ങള്‍ പുണ്യ റമദാന്‍ കാലത്ത് പള്ളികള്‍ക്ക് മാത്രമായി ബാധകമാക്കുന്നത് അസ്വസ്തതയുണ്ടാക്കുന്നതാണ്. ഏത് പൊതു ഇടത്തേക്കാളും ശുചിത്വം, മുഖാവരണം, അകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പള്ളികളില്‍ പാലിക്കുന്നതിനാല്‍, അടിയന്തര സാഹചര്യത്തിലല്ലാതെ പള്ളികളില്‍ നിലവിലുള്ളതിനേക്കാള്‍ നിയന്ത്രണം ഏര്‍പ്പെടുത്തരുത്. അതോടൊപ്പം കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ സംഘടന കൂടുതല്‍ ജാഗ്രത പാലിക്കും. അടിയന്തര സാഹചര്യത്തില്‍ കൊവിഡ് രോഗികളായ മനുഷ്യ സഹോദരങ്ങളെ പരിചരിക്കുന്നതിന് പള്ളികള്‍ കേന്ദ്രീകരിച്ച് ആതുരാലയങ്ങള്‍ ഒരുക്കുന്നതിന് ഇമാമുമാര്‍ മുന്നിലുണ്ടാവുമെന്നും സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.

Tags:    

Similar News