കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; വീഴ്ചവരുത്തിയാല്‍ നടപടിയെന്ന് മുന്നറിയിപ്പ്

Update: 2021-04-15 16:23 GMT

കോട്ടയം: കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പോലിസ് മേധാവി ഡി ശില്‍പ്പ, എഡിഎം ആശ സി എബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാന തലത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പൊതു പരിപാടികളും ആരാധനാലയങ്ങളിലെ ചടങ്ങുകളും നടത്തുവാന്‍ പാടുള്ളൂ. ഇതിനായി തഹസില്‍ദാരുടെയോ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം. നിലവിലുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തുന്നതെന്ന് സംഘാടകര്‍ ഉറപ്പു വരുത്തണം. വീഴ്ചവരുത്തുന്ന പക്ഷം നടപടി സ്വീകരിക്കും.

വിവാഹം, മരണം, ജന്‍മദിനം തുടങ്ങിയവയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടത്തുന്നതിനു മുമ്പ് covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരം ചടങ്ങുകളില്‍ കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്.

ചടങ്ങുകളില്‍ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യണം.

പൊതു പരിപാടികള്‍ക്ക് പരമാവധി രണ്ടു മണിക്കൂര്‍ സമയം മാത്രമാണ് അനുവദിക്കുക.

ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിച്ചു

വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ബാറുകളും സിനിമാ തിയേറ്ററുകളും രാത്രി ഒന്‍പതു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.

ഹോട്ടലുകളില്‍ ആകെയുള്ള ഇരിപ്പിടങ്ങളുടെ പകുതി എണ്ണം ആളുകള്‍ക്കേ പ്രവേശനം നല്‍കാവൂ. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഒമ്പത് മുതല്‍ പത്തുവരെ ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് നടത്താം.

സ്വകാര്യസ്ഥാപനങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ജീവനക്കാര്‍ രണ്ടുഡോസ് വാക്‌സിന്‍ എടുത്തുവെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം. ഇവര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍ എല്ലാ ആഴ്ച്ചയിലും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

ട്യൂഷന്‍ സെന്ററുകള്‍ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ.

ബസ്സുകളില്‍ ഇരുന്ന് സഞ്ചരിക്കാന്‍ കഴിയുന്നതിന്റെ പകുതി യാത്രക്കാരെ മാത്രമേ കയറ്റാവൂ. നിര്‍ദേശം ലംഘിക്കുന്ന ബസ്സുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കും.

മാര്‍ക്കറ്റുകളില്‍ കൊവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാഗമായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കും. കമ്മിറ്റികളുടെ രൂപീകരണ വേളയില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന നിരീക്ഷണസംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News