കൊവിഡ് പ്രതിരോധം: 980 ഡോക്ടര്‍മാരെ മൂന്നുമാസത്തേയ്ക്ക് സര്‍ക്കാര്‍ നിയമിക്കുന്നു

ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തിയ്യതി മുതല്‍ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്.

Update: 2020-05-05 12:48 GMT

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്നുമാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തിയ്യതി മുതല്‍ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്. കേരളത്തിന് പുറത്തുള്ള മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുമ്പ് ചികില്‍സാരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
മാത്രമല്ല, മഴക്കാലം വരുന്നതിനാല്‍ പകര്‍ച്ചവ്യാധികളുണ്ടാവാനും സാധ്യതയുണ്ട്. കൊവിഡ് പ്രതിരോധത്തിനോടൊപ്പം നിരവധി പേര്‍ക്ക് ഒരേ സമയം ചികില്‍സ നല്‍കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടത്ര ശ്രദ്ധയും നല്‍കേണ്ടതുണ്ട്. അതിനാല്‍തന്നെ താഴെത്തട്ടിലുള്ള ആശുപത്രികളെ ശക്തിപ്പടുത്തണം. ഇത് മുന്നില്‍കണ്ടാണ് ഇത്രയേറെ ഡോക്ടര്‍മാരെ 3 മാസക്കാലയളവിലേക്ക് നിയമിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലുമാണ് ഇവരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags: