ഉറവിടമറിയാത്ത കൊവിഡ് രോഗികൾ വർധിക്കുന്നു; തലസ്ഥാനത്ത് പ്രതിരോധം ഊർജിതമാക്കി

കലക്ടറേറ്റിൽ കൊവിഡ് വാർ റൂം തുറക്കുമെന്ന് ജില്ലാ കലക്ടർ നവജ്യോത് സിങ് ഖോസ അറിയിച്ചു. മേഖലകൾ തിരിച്ച് സാംപിളുകൾ ശേഖരിക്കുമെന്നും അവർ അറിയിച്ചു.

Update: 2020-06-24 12:00 GMT

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ  ഊർജിതമാക്കി. കലക്ടറേറ്റിൽ കൊവിഡ് വാർ റൂം തുറക്കുമെന്ന് ജില്ലാ കലക്ടർ നവജ്യോത് സിങ് ഖോസ അറിയിച്ചു. മേഖലകൾ തിരിച്ച് സാംപിളുകൾ ശേഖരിക്കുമെന്നും അവർ അറിയിച്ചു. 

രാവിലെ പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 70 കൊവിഡ് രോഗികളാണ് നിലവിൽ ജില്ലയിലുള്ളത്. ആക്ടീവ് കേസുകൾ കുറവാണെങ്കിലും ജാഗ്രത തുടരേണ്ടതുണ്ട്. തിരുവനന്തപുരം കലക്ടറേറ്റിൽ ജില്ലാ കൊവിഡ് വാർ റൂം, നിരീക്ഷണത്തിലുള്ളവരുടെ സാംപിളുകളെടുക്കുന്നതിനു പുറമെ മേഖലകൾ തിരിച്ച് പൂൾ സാംപിളുകളെടുക്കൽ, ടെസ്റ്റിങ് കേന്ദ്രങ്ങളുടെ വികേന്ദ്രീകരണം എന്നിവയാണ് പുതിയ തീരുമാനങ്ങളെന്ന് കലക്ടർ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദേശ പ്രകാരം പൂൾ സാംപിൾ എടുക്കും. പ്രത്യേക മേഖലകൾ തിരഞ്ഞെടുത്ത് സാംപിളുകൾ ശേഖരിക്കും. കോർപറേഷൻ മേഖലയിൽ നിന്നാണ് സാംപിളുകൾ ശേഖരിക്കുന്നത്. നഗരസഭാ പരിധിയിൽപ്പെടുന്ന മാർക്കറ്റ്, ആശുപത്രി, ആളുകൾ കൂടുതലും സഞ്ചരിക്കുന്ന മേഖലകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന് പൂൾ സാംപിളുകളെടുക്കും. രോഗവ്യാപനത്തിന്റെ തോത് ഇതിലൂടെ മനസ്സിലാക്കാനാവും.

ജില്ലയിലെ എല്ലാ ഡോക്ടർമാർക്കും കൊവിഡ് പരിശീലനം നൽകുമെന്നും ടെസ്റ്റിങ് കേന്ദ്രങ്ങൾ വികേന്ദ്രീകരിക്കുമെന്നും കലക്ടർ അറിയിച്ചു. 'ബ്രേക്ക് ദി ചെയിൻ' കാംപയിൻ ഇനിയും ശക്തിപ്പെടണം. സോപ്പ്, സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവയെ കുറിച്ചുള്ള ബോധവത്കരണം ഇനി ശക്തമാക്കേണ്ടതുണ്ട്. പ്രായമായവരും കുട്ടികളും അനാവശ്യ യാത്ര ഒഴിവാക്കണം. വളരെ ആവശ്യമാണെങ്കിൽ മാത്രമേ പുറത്തു പോകാവൂ. പുറത്തു പോയാൽ തന്നെ 'ബ്രേക്ക് ദി ചെയിൻ' മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും കലക്ടർ ഓർമിപ്പിച്ചു.

Tags: