കൊവിഡ്: ഹോം ക്വാറന്റൈന്‍ സൗകര്യമൊരുക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്

സിപിഎം കൊടുത്ത പരാതിയില്‍ പോലിസ് കള്ളക്കേസെടുക്കുകയായിരുന്നെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

Update: 2020-06-09 04:44 GMT

പരപ്പനങ്ങാടി: വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ വില്ലേജില്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഹോം ക്വാറന്റൈന്‍ സൗകര്യമൊരുക്കിയെന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരപ്പനങ്ങാടി പോലിസ് കേസെടുത്തു. അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ലത്തീഫ് കല്ലുടുമ്പന്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബിന്ദു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാര്‍ ചോനാരി, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ പ്രഭകുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.രവി മംഗലശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറി കോശി പി തോമസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

സിപിഎം കൊടുത്ത പരാതിയില്‍ പോലിസ് കള്ളക്കേസെടുക്കുകയായിരുന്നെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍, അനുമതിയില്ലാതെ സ്വകാര്യ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനാണ് കേസെടുത്തതെന്നും ഇതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് പറഞ്ഞു. ക്വാറന്റൈനില്‍ കഴിഞ്ഞ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് കോണ്‍ഗ്രസ് നേതാക്കളെ ജാമ്യത്തിലിറക്കിയത്. തുടര്‍ന്ന് നേതാക്കളെ വള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി ഉണ്ണിമൊയ്തു, നെടുവ മണ്ഡലം പ്രസിഡന്റ് പി ഒ സലാം, ബ്ലോക്ക് ട്രഷറര്‍ പി വീരേന്ദ്രകുമാര്‍, മോഹന്‍ദാസ് ഉള്ളണം, പ്രദീഷ് പാറോല്‍ എന്നിവര്‍ ഹാരമണിയിച്ച് സ്വീകരിച്ചു. 

Tags:    

Similar News