കൊവിഡ് രോഗിക്ക് പീഡനം: ആംബുലന്‍സ് ഡ്രൈവറെ ജോലിക്കെടുത്തത് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ

കായംകുളം പോലിസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് സഹിതം പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കാമെന്ന് നൗഫല്‍ എഴുതിനല്‍കിയിരുന്നു. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലിചെയ്ത മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കാമെന്ന ഉറപ്പിന്‍മേലാണ് കുറ്റാരോപിതനായ നൗഫലിനെ ജോലിയില്‍ പ്രവേശിപ്പിച്ചത്.

Update: 2020-09-06 13:22 GMT

തിരുവനന്തപുരം: ആറന്‍മുളയില്‍ കൊവിഡ് രോഗിയെ കനിവ് 108 ആംബുലന്‍സിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആംബുലന്‍സ് പൈലറ്റ് വി നൗഫലിനെ ജോലിക്കെടുത്തത് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെയെന്ന് കമ്പനി അധികൃതരുടെ വിശദീകരണം. എഴുത്തുപരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയ ശേഷമാണ് ജീവനക്കാരെ ജോലിക്ക് എടുക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയം ജീവനക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതുണ്ട്. ഈ സമയം ഹാജരാക്കാന്‍ കഴിയാത്തവരില്‍നിന്ന് അത് ഉടന്‍ ഹാജരാക്കാമെന്ന് രേഖാമൂലം എഴുതി വാങ്ങിയാണ് ജോലിയില്‍ പ്രവേശിപ്പിക്കുന്നത്.

അത്തരത്തില്‍ കായംകുളം പോലിസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് സഹിതം പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കാമെന്ന് നൗഫല്‍ എഴുതിനല്‍കിയിരുന്നു. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലിചെയ്ത മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കാമെന്ന ഉറപ്പിന്‍മേലാണ് കുറ്റാരോപിതനായ നൗഫലിനെ ജോലിയില്‍ പ്രവേശിപ്പിച്ചത്. 25 ഫെബ്രുവരിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്തവര്‍ ഉടന്‍ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും കാട്ടി കമ്പനി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെയുള്ള നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനിടയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ കനിവ് 108 ആംബുലന്‍സ് സര്‍വീസില്‍ ജോലിചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഉടനടി പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു.  

Tags: