കൊവിഡ് രോഗി പുറത്തുപോയ സംഭവം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കഴിഞ്ഞമാസം 29 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനാട് സ്വദേശിയാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. കൊവിഡ് വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ആശുപത്രി നല്‍കിയിരുന്ന പ്രത്യേക വസ്ത്രം ധരിച്ചാണ് ഇയാള്‍ മുങ്ങിയത്.

Update: 2020-06-09 11:15 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും കൊവിഡ് രോഗി പുറത്ത്‌പോയ സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ  അന്വേഷണത്തിനു ഉത്തരവിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് കടന്നുപോയതെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.

ഇന്നു രാവിലെ മുങ്ങിയ കൊവിഡ് ബാധിതനെ നാട്ടുകാരും പോലിസും ചേര്‍ന്നാണ് പിടികൂടിയത്. കഴിഞ്ഞമാസം 29 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനാട് സ്വദേശിയാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. കൊവിഡ് വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ആശുപത്രി നല്‍കിയിരുന്ന പ്രത്യേക വസ്ത്രം ധരിച്ചാണ് ഇയാള്‍ മുങ്ങിയത്. കെഎസ്ആര്‍ടിസി ബസില്‍ ആനാട് എത്തിയപ്പോഴാണ് ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. പഞ്ചായത്തംഗങ്ങൾ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉടന്‍ ഇയാളെ തടഞ്ഞുവച്ച്‌ ആശുപത്രി അധികൃതരെയും പോലിസിനെയും വിവരമറിയിച്ചു.


നേരത്തേ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച്‌ മരിച്ച വൈദികന്‍ കെ ജി വര്‍ഗീസിന്റെ സ്രവപരിശോധന നടത്താന്‍ വൈകിയെന്ന് മെഡിക്കല്‍ കോളജിനെതിരെ ആരോപണമുയര്‍ന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് അധികൃതരിൽ നിന്ന് ജില്ലാ കലക്ടർ നവജ്യോത് ഖോസ റിപ്പോർട്ട് തേടി. മദ്യപാനത്തിന് അടിമയായതിനാൽ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂർത്തിയാകും മുമ്പ് കടക്കാൻ ശ്രമം നടത്തിയതെന്നാണ് മെഡിക്കൽ കോളജിൽ നിന്നു ലഭിച്ച പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സർവയലൻസ് ടീം അടിയന്തര നടപടി ആരംഭിച്ചു. കൊവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.

Tags: