കൊവിഡ്: മെയ് ഒന്നിന് സപ്ലൈക്കോ ജീവനക്കാര്‍ക്ക് അവധി

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 40 ദിവസമായി ജീവനക്കാര്‍ എറണാകുളം ഗാന്ധി നഗറിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ള പാക്കിങ് സെന്ററുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് നിര്‍മാണത്തിലായിരുന്നു.

Update: 2020-04-30 15:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്- 19 മഹാമാരിയെത്തുടര്‍ന്ന് സര്‍ക്കാരിന് കൈത്താങ്ങായി മാറിയ സപ്ലൈകോ ജീവനക്കാര്‍ക്ക് അന്തര്‍ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് അവധിയായിരിക്കുമെന്ന് സിഎംഡി പി എം അസ്ഗര്‍ അലി പാഷ അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 40 ദിവസമായി ജീവനക്കാര്‍ എറണാകുളം ഗാന്ധി നഗറിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ള പാക്കിങ് സെന്ററുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് നിര്‍മാണത്തിലായിരുന്നു. ഇതിനകം 38 ലക്ഷം ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളാണ് നിര്‍മിച്ച് റേഷന്‍ കടകളിലെത്തിച്ചത്.

വിശേഷദിവസങ്ങളായ വിഷു- ഈസ്റ്റര്‍ ദിനങ്ങളിലും ഞായറാഴ്ചകളിലും ഒഴിവെടുക്കാതെയാണ് ജീവനക്കാര്‍ കിറ്റുനിര്‍മാണത്തിലേര്‍പ്പെട്ടത്. ഇവരുടെ ആത്മാര്‍ഥമായ സേവനത്തിനൊപ്പം സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനവും കിറ്റുനിര്‍മാണം വേഗത്തിലാക്കുന്നതില്‍ സഹായകമായെന്നും അത് ഇനിയും തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ നല്‍കിയ കിറ്റുകള്‍ക്കു പുറമെ 50 ലക്ഷം കിറ്റുകള്‍ കൂടുതലായി വേണം. ആ കിറ്റുകളുടെ നിര്‍മാണവും പാക്കിങ് സെന്ററുകളില്‍ വേഗത്തില്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ദിവസവും നല്‍കിവരുന്ന ഭക്ഷണവിതരണത്തിന് മെയ് ദിനത്തിലും മുടക്കമുണ്ടാവില്ല. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് രണ്ടുവരെയാണ് ഭക്ഷണവിതരണം നടക്കുകയെന്നും സിഎംഡി അറിയിച്ചു. 

Tags: