ലോക്ക് ഡൗണ്‍: ചൊവ്വാഴ്ച മുതല്‍ കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍

അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനും കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും തീരുമാനിച്ചു.

Update: 2020-04-20 18:57 GMT

കണ്ണൂര്‍: കൊവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ പോലിസ്. നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് ഐപിഎസ്സിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചേര്‍ന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനും കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലയില്‍ മൂന്ന് എസ്പിമാര്‍ക്ക് ചുമതല നല്‍കി.

ഐജി അശോക് യാദവിനാണ് കണ്ണൂര്‍ ജില്ലയുടെ മേല്‍നോട്ടം. കണ്ണൂരില്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയ്ക്കും തളിപ്പറമ്പ് നവനീത് ശര്‍മ ഐപിഎസിനും തലശ്ശേരിയില്‍ അരവിന്ദ് സുകുമാര്‍ ഐപിഎസിനും ചുമതല നല്‍കി. പോലിസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഒരു എക്‌സിറ്റും ഒരു എന്‍ട്രന്‍സും മാത്രം അനുവദിക്കും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഏറ്റെടുത്തു. ഇനി മരുന്ന് വാങ്ങാനുള്ള യാത്രയില്ല. മരുന്നുകള്‍ക്കും ഹോം ഡെലിവറികള്‍ക്കും ജില്ലാ പഞ്ചായത്ത് കോള്‍ സെന്ററുകളെ സമീപിക്കുക.

ആവശ്യസാധനങ്ങള്‍ തൊട്ടുത്ത കടയില്‍നിന്നു വാങ്ങണം. മാര്‍ക്കറ്റില്‍ കര്‍ശന നിയന്ത്രണം. ആശുപത്രി യാത്ര ഏമര്‍ജന്‍സി ഘടത്തില്‍ മാത്രം. അതും തൊട്ടടുത്ത ആശുപത്രികളിലേക്ക് അല്ലെങ്കില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് മാത്രം. നിരീക്ഷണത്തില്‍ കഴിയുന്നവരെ ശ്രദ്ധിക്കാന്‍ പ്രാദേശിക ഭരണകൂടവും പോലിസും ചേര്‍ന്ന പ്രത്യേക കമ്മിറ്റി. ഹൈവേയില്‍ കൂടിയുള്ള യാത്ര ആവശ്യസേവനങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും ഉന്നതതലയോഗത്തില്‍ തീരുമാനമായി. 

Tags: