കേരളാ- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് ജില്ലകളായ തേനി, ദിണ്ടിഗല്‍ ,വിരുദ്ധനഗര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ദിനംപ്രതി ഒന്നിലധികം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Update: 2020-09-18 06:30 GMT

തിരുവനന്തപുരം: കേരളാ- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഏറെയും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമായതിനാല്‍ കൊവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് ജില്ലകളായ തേനി, ദിണ്ടിഗല്‍ ,വിരുദ്ധനഗര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ദിനംപ്രതി ഒന്നിലധികം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്‍റെ കഴിഞ്ഞദിവസത്തെ ഔദ്യോഗിക കണക്ക് പ്രകാരം തേനിയില്‍ മൂന്ന് മരണവും, ദിണ്ടുഗല്‍ ,വിരുദ്ധനഗര്‍, തിരുപ്പൂര്‍ എന്നീ ജില്ലകളില്‍ ഓരേ മരണവും സ്ഥിരീകരിച്ചു. തേനിയില്‍ 160, ദിണ്ടിഗല്‍ 151, വിരുദ്ധ നഗര്‍ 205, തിരുപ്പൂര്‍ 87 എന്നിങ്ങനെയാണ് ഇതു വരെയുള്ള ആകെ മരണനിരക്ക്. ഇങ്ങനെ നാലു ജില്ലകളിലായി 603 മരണങ്ങളാണ് ചൊവ്വാഴ്ച വരെയുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലകളില്‍ ലോക് ഡൗണ്‍ തുടരുന്നുണ്ടെങ്കിലും ജനങ്ങള്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നില്ലെന്നാണ് തമിഴ്‌നാട് വ്യത്തങ്ങള്‍ തരുന്ന വിവരങ്ങള്‍. മുഖാവരണവും, സാമൂഹിക അകലവും മിക്ക ഇടങ്ങളിലും പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ സമൂഹ വ്യാപനവും വര്‍ദ്ധിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനും ആരോഗ്യ കേന്ദ്രങ്ങളും അടച്ചിടേണ്ടിയും വന്നിട്ടുണ്ട്.

തമിഴ്‌നാട് ജില്ലകളിലെ കൊവിഡ് വ്യാപനം കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങളും നിര്‍മാണ സാമഗ്രഹികളുമായി നിരവധി ചരക്ക് വാഹനങ്ങളാണ് അതിര്‍ത്തി കടന്ന് ഇടുക്കി ജില്ലയിലേയ്ക്ക് എത്തുന്നത്. ഇവിടെയെത്തുന്ന വാഹന ജീവനക്കാര്‍ കച്ചവട സ്ഥാപനങ്ങിലുള്‍പ്പെടെ സമ്പര്‍ക്കം നടത്താറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഇത്തരത്തില്‍ എത്തുന്നവരെ കേരളത്തില്‍ ക്വാറന്‍റൈൻ ചെയ്യാറില്ല. ഇത് രോഗവ്യാപനത്തിന് കാരണമാകുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം രാജകുമാരിയിലെ ഒരു ചുമട്ട്‌തൊഴിലാളിയ്ക്കും ടൗണിലെ ഒരു ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. നിലവില്‍ രാജകുമാരി ടൗണ്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതിന് മുന്‍പ് രാജാക്കാട്ടിലെ ചുമട്ട്‌തൊഴിലാളിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് രോഗം പിടിപെട്ടത് തമിഴ്‌നാട്ടില്‍ നിന്നുമുള്ള ചരക്ക് വാഹനങ്ങള്‍ വഴിയാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഭാഗമായ ശാന്തന്‍പാറ, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ ചില ഭാഗങ്ങളില്‍ നിലവില്‍ കണ്ടെയിൻമെന്‍റ് /മൈക്രോ കണ്ടെയിൻമെന്‍റ് മേഖലകളായി തുടരുന്നുമുണ്ട്.

Tags: