കൊവിഡ് കാലത്തെ ഭക്ഷ്യഭദ്രത: ബേപ്പൂര്‍, വേങ്ങേരി ഗോഡൗണുകള്‍ സപ്ലൈക്കോ ഏറ്റെടുത്തു

കൊവിഡ് കാലത്തെ സൗജന്യഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിന് നിലവിലുള്ള ഗോഡൗണുകള്‍ അപര്യാപ്തമായതിനാലാണ് പുതിയവ ഏറ്റെടുത്തത്.

Update: 2020-05-14 14:09 GMT

കോഴിക്കോട്: കൊവിഡ് കാലത്ത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബേപ്പൂര്‍ സിഡിഎ ഗോഡൗണ്‍, വേങ്ങേരി കാര്‍ഷിക വിപണനസംഭരണ കേന്ദ്രത്തിനു കീഴിലെ ഗോഡൗണ്‍ എന്നിവ സപ്ലൈക്കോ ഏറ്റെടുത്ത് ഭക്ഷ്യസംഭരണ വിതരണം ആരംഭിച്ചു. കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരമാണ് നടപടി. ജില്ലയിലെ പൊതുവിതരണവകുപ്പിന്റെ ചരിത്രത്തിലെ പുത്തന്‍ കാല്‍വയ്പായി ഈ ഗോഡൗണുകളുടെ ഏറ്റെടുക്കല്‍. കൊവിഡ് കാലത്തെ സൗജന്യഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിന് നിലവിലുള്ള ഗോഡൗണുകള്‍ അപര്യാപ്തമായതിനാലാണ് പുതിയവ ഏറ്റെടുത്തത്.

വെള്ളയിലെ അശാസ്ത്രീയരീതിയിലുള്ള ഗോഡൗണിലാണ് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലുള്ള 213 റേഷന്‍ കടകളിലേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നത്. ഇവിടെയുളള തൊഴിലാളികളുടെ എതിര്‍പ്പാണ് പുതിയ ഗോഡൗണുകള്‍ ഏറ്റെടുക്കാന്‍ തടസ്സമായിരുന്നത്. വേങ്ങേരിയിലെയും ബേപ്പൂരിലേയും ഗോഡൗണുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളളതാണ്. പോലിസ് സംരക്ഷണയിലാണ് ഗോഡൗണുകള്‍ ഏറ്റെടുത്തത്.

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഉത്തരമേഖലാ ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ വി വി സുനില, ജില്ലാ സപ്ലൈ ഓഫിസര്‍ എം വി ശിവകാമി അമ്മാള്‍, സപ്ലൈകോ റീജ്യനല്‍ മാനേജര്‍ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ഗോഡൗണുകള്‍ ഏറ്റെടുത്തത്. സിറ്റി റേഷനിങ് ഓഫിസ്- സൗത്തിനു കീഴിലുളള 88 റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ബേപ്പൂരുളള ഗോഡൗണും കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലുള്ള കടകളിലേക്ക് വിതരണം ചെയ്യുന്നതിനായി വേങ്ങേരിയിലുള്ള ഗോഡൗണും ഉപയോഗിക്കും. 

Tags:    

Similar News