കൊവിഡ് ഭീതി; തിരുവനന്തപുരത്ത് ആറ്റില്‍ചാടിയ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് കൃഷ്ണകുമാര്‍. തിങ്കളാഴ്ച രാവിലെ നടന്ന തിരച്ചിലിലാണ് കരമനയാറ്റിലെ മങ്കാട്ടുകടവ് പാലത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്.

Update: 2020-08-10 07:12 GMT

തിരുവനന്തപുരം: കൊവിഡ് ഭീതിയെത്തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം കരമനയാറ്റില്‍ ചാടിയ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. പേയാട് കുണ്ടമണ്‍ഭാഗം കാക്കുളം റോഡില്‍ ശിവകൃപയില്‍ കൃഷ്ണകുമാറിന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് കൃഷ്ണകുമാര്‍. തിങ്കളാഴ്ച രാവിലെ നടന്ന തിരച്ചിലിലാണ് കരമനയാറ്റിലെ മങ്കാട്ടുകടവ് പാലത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ സ്‌കൂബാ ടീം തിരച്ചില്‍ നടത്തിവരികയായിരുന്നു. കൊവിഡ് രോഗം ബാധിച്ചെന്ന ഭീതിയിലാണ് കൃഷ്ണകുമാര്‍ ജീവനൊടുക്കിയത്.

കരമനയാറ്റിലെ നീലച്ചല്‍ കടവിലാണ് ഇയാള്‍ ചാടിയത്. കൃഷ്ണകുമാറിന്റെ സഹപ്രവര്‍ത്തകന്റെ അച്ഛന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൃഷ്ണകുമാറിന്റെ സഹപ്രവര്‍ത്തകന്റെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. സഹപ്രവര്‍ത്തകന് രോഗം സ്ഥിരീകരിക്കാത്തതിനാല്‍ കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലെ രാവിലെ കൃഷ്ണകുമാറിനെ കിടപ്പുമുറിയില്‍ കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തി. എവിടെയും കാണാതായതോടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു.

പുലര്‍ച്ചെ 1.40ന് വീടിന്റെ പിന്‍വാതില്‍ തുറന്ന് കൃഷ്ണകുമാര്‍ പുറത്തേക്ക് പോവുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. 'തന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോവുന്നു. മുങ്ങി....' എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും വീടിനുള്ളില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് വിളപ്പില്‍ശാല പോലിസില്‍ വിവരമറിയിച്ചു. പോലിസ് നടത്തിയ പരിശോധനയില്‍ നീലച്ചല്‍ കടവില്‍ കൃഷ്ണകുമാറിന്റെ ചെരിപ്പുകള്‍ കണ്ടെത്തി. നാട്ടുകാര്‍ ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് അഗ്നിശമനസേന തിരച്ചില്‍ നടത്തിയത്. ഭാര്യ: പ്രിയ (ഗവ. പ്രസ് ജീവനക്കാരിയാണ്). മക്കള്‍: വിദ്യാര്‍ഥികളായ ഗോകുല്‍, ഗോവിന്ദ്.  

Tags:    

Similar News