തൃശൂര്‍ പോലിസ് അക്കാദമിയില്‍ കൊവിഡ് വ്യാപനം; ക്ലസ്റ്ററായി പ്രഖ്യാപിച്ചു

ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍

Update: 2022-06-02 17:06 GMT

തൃശൂര്‍: രാമപുരം പോലിസ് അക്കാദമിയില്‍ കൊവിഡ് വ്യാപനം. 30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പോലിസ് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അക്കാദമിയില്‍ നടക്കുന്ന പരിശീലനപരിപാടികള്‍ ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 1,278 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികളുള്ളത് എറണാകുളത്താണ്. 407 പേരാണ് ഇവിടെ കോവിഡ് ബാധിതരായത്. കഴിഞ്ഞ ദിവസവും ആയിരത്തിനു മുകളില്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍. സ്‌കൂളുകള്‍ കൂടി തുറന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.