കൊവിഡ്: കേരള ആരോഗ്യസര്‍വകലാശാലയ്ക്ക് കീഴിലുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണം- കാംപസ് ഫ്രണ്ട്

ദൈനംദിനം പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയും നിരവധി കാംപസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥികള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഇതിനകം രോഗം പിടിപെടുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Update: 2021-04-27 08:29 GMT

കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ കേരള ആരോഗ്യസര്‍വകലാശാലയ്ക്ക് കീഴിലുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം ഷെയ്ഖ് റസല്‍ ആവശ്യപ്പെട്ടു. കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ വലിയ രീതിയയില്‍ ബാധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദൈനംദിനം പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയും നിരവധി കാംപസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥികള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഇതിനകം രോഗം പിടിപെടുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുവേണ്ടി മറ്റു ഇടപെടലുകളും കൂടുതലായി നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ട് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍, ഗവര്‍ണര്‍ക്ക് കത്തയച്ച് ഭീതിജനകമായ കൊവിഡ് കാലത്തും പരീക്ഷയുമായി മുന്നോട്ടുപോവാനാണ് കേരള ആരോഗ്യസര്‍വകലാശാല അധികൃതര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥികള്‍ എല്ലാവരും വാക്‌സിനേഷനെടുത്തിട്ടുണ്ടെന്നും അതുകൊണ്ട് പരീക്ഷ നടത്താമെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

എന്നാല്‍, യഥാര്‍ഥത്തില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. മാത്രവുമല്ല, പുതിയ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്നും പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രകളും വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്നിരിക്കെ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോവുന്നത് വിദ്യാര്‍ഥികളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ ആരോഗ്യസര്‍വകലാശാല പരീക്ഷകള്‍ നീട്ടിവയ്ക്കുന്നതിന് ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ഷെയ്ഖ് റസല്‍ ആവശ്യപ്പെട്ടു.

Tags: