കൊവിഡ് പ്രതിരോധനത്തിന് ഡിഐജി തലത്തില്‍ പ്രത്യേക സംഘം; ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കും

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് കീഴില്‍ നടത്തിയ നിരീക്ഷണത്തിന് സമാനമായരീതിയുള്ള നിരീക്ഷണങ്ങളാണ് നടത്തുകയെന്ന് ഡിഐജി അറിയിച്ചു.

Update: 2021-04-21 09:02 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാറിന്റെ കീഴില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈസ്പിമാരുടെ നേതൃത്വത്തില്‍ രോഗവ്യാപനമുള്ള സ്ഥലങ്ങളിലും, തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്ക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡിഐജി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് കീഴില്‍ നടത്തിയ നിരീക്ഷണത്തിന് സമാനമായരീതിയുള്ള നിരീക്ഷണങ്ങളാണ് നടത്തുകയെന്ന് ഡിഐജി അറിയിച്ചു. ഇതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതിക്കും രൂപം നല്‍കി.


1. കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി എല്ലാ പോലിസ് സ്‌റ്റേഷനുകളിലും പോലിസ് ഓഫിസര്‍മാരുടെ സേവനം ഉറപ്പാക്കും. സ്‌റ്റേഷന്‍ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും പോലിസിന്റെ നിരീക്ഷണം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വിവിധ ടീമുകളെ രൂപീകരിക്കും. മാര്‍ക്കറ്റുകള്‍, ജങ്്ഷനുകള്‍, ഷോപ്പിങ് മാളുകള്‍ മുതലായ എല്ലാ തിരക്കേറിയ സ്ഥലങ്ങളിലും പോലിസിന്റെ സാന്നിധ്യം ഉറപ്പാക്കും.

2. എല്ലാ ജില്ലാ പോലിസ് മേധാവികള്‍ക്ക് കീഴിലും ഡിസിആര്‍ബി, െ്രെകംബ്രാഞ്ച് മുതലായവയെ ഉള്‍പ്പെടുത്തി പ്രത്യേക യൂനിറ്റില്‍ നിന്നുള്ള ഓഫസര്‍മാരെ കൂടെ ഉള്‍പ്പെടുത്തി 810 ടീമുകള്‍ രൂപീകരിക്കും, അവരുടെ സേവനവും ആവശ്യമായ സ്ഥലങ്ങളില്‍ ലഭ്യമാക്കും.

3. ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തി വേണം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത്. അവരുടെ സൈ്വര ജീവിതത്തിന് തടസമാകാന്‍ പാടില്ല.

4. കൂടുതല്‍ നിയമലംഘനം നടത്തുന്ന പ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കുകയും, പിഴ ചുമത്തുകയും ചെയ്യും.

5. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് മാര്‍ക്കറ്റ് മോണിറ്ററിങ് കമ്മിറ്റിയുടെ സഹായവും പിന്‍തുണയും തേടും.

6. സംസ്ഥാന അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്തും. 24 മണിയ്ക്കൂര്‍ ഇവിടെ നിരീക്ഷണം ശക്തമാക്കും. നിരീക്ഷണത്തിന് വേണ്ടി ഡ്രോണ്‍, സിസിടിവി മോണിറ്ററിങ് എന്നിവ നടത്തും.

7. പ്രതിരോധം നിരീക്ഷണം എന്നിവയ നടത്തുമ്പോല്‍ ജില്ലാ പോലിസ് മേധാവിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തണം.


റേഞ്ച് ഡി.എജിയുടെ മേല്‍നോട്ടത്തിലുള്ള ഏകോപനം

1. ഒരു കണ്‍ട്രോള്‍ റൂമില്‍ ഒരു എസ്‌ഐ അല്ലെങ്കില്‍ ഏതെങ്കിലും ഓഫിസറുടെ സേവനം ഉറപ്പാക്കും. ഓരോ 2 മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്തും. നിയമലംഘനം കൂടുകയാണെങ്കില്‍ ആ സ്ഥലങ്ങളില്‍ എസ്എച്ച്ഒമാരുടെ സേവം ഉറപ്പാക്കും.

2. മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ അവരുടെ എസ്പിയുമായി ചര്‍ച്ച ചെയ്യുകയും അവരുമായിചേര്‍ന്ന് തുടര്‍ പദ്ധതി നടപ്പിലാക്കുകയും ചെയ്യും.

3. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈഎസ്പി / എസിമാരുടെ സേവനം പരിശോധനയില്‍ ഉറപ്പാക്കും.


4. എന്‍ഫോഴ്‌സ്‌മെന്റ് മോശമായ മേഖലകളില്‍ ഡിഐജിതലത്തില്‍ തന്നെ പ്രത്യേക സംഘത്തെ നിയോഗിക്കും.

മുന്‍ കരുതല്‍

1. പൊതുജനങ്ങളെ മനപൂര്‍വ്വം ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കും. പോലിസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല.

2. ആളുകള്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. പിഴയോ ശിക്ഷയോ ഉദ്ദേശ്യമല്ല.

3. പൊതു ജനങ്ങളുടെ സുരക്ഷയോടൊപ്പം പോലിസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ഉറപ്പാക്കും. വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് കരുതി പോലീസ് ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കരുത്. ഓരോ വ്യക്തിയും എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുകയും പിന്തുടരുകയും ചെയ്യണമെന്നും ഡിഐജി കെ സജ്ഞയ്കുമാര്‍ നിര്‍ദ്ദേശിച്ചു.




Tags:    

Similar News