കൊവിഡ് ബാധിച്ച് മരിച്ച കന്യാസ്ത്രീയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍

ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി പി അന്ത്രുവിന്റെ അഭ്യര്‍ഥന മാനിച്ചാണ് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് തയ്യാറായത്.

Update: 2020-07-16 17:09 GMT

ആലുവ: കൊവിഡ് ബാധിച്ച് മരണപ്പെട്ട കന്യാസ്ത്രീയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍. പഴങ്ങനാട് സമരിറ്റന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന സിസ്റ്റര്‍ ക്ലെയറി(87) ന്റെ അന്ത്യകര്‍മങ്ങള്‍ക്കാണ് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്. പറവൂര്‍ കുഴുപ്പിള്ളിയിലെ കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു മരണപ്പെട്ട സിസ്റ്റര്‍.


 ശ്വാസം മുട്ടലിനെത്തുടര്‍ന്ന് പഴങ്ങനാട് സമരിറ്റന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. മരണശേഷം കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് അറിയുന്നത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി പി അന്ത്രുവിന്റെ അഭ്യര്‍ഥന മാനിച്ചാണ് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് തയ്യാറായത്. ആലുവ ചുണങ്ങംവേലിയിലെ എസ്ഡി കോണ്‍വെന്റിലെ സെമിത്തേരിയിലാണ് സിസ്റ്ററെ സംസ്‌കരിച്ചത്.


 പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ല സെക്രട്ടറി ഷിജാര്‍, എടത്തല ഏരിയാ പ്രസിഡന്റ് ഷിജു ബക്കര്‍, എസ്ഡിപിഐ എടത്തല പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാരകര്‍മങ്ങള്‍ നടത്തിയത്. 

Tags:    

Similar News