വഞ്ചിയൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചതിൽ ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ കലക്ടർ

മരിച്ച രമേശൻ ഏറെ നാളായി ആസ്തമയ്ക്ക് ചികിത്സയിലായിരുന്നു. അതിനാലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊവിഡ് പരിശോധനയ്ക്കു ശ്രമിക്കാതിരുന്നതെന്നാണ് ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നത്.

Update: 2020-06-24 12:00 GMT

തിരുവനന്തപുരം: വഞ്ചിയൂർ സ്വദേശി രമേശൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ പരിശോധനകൾ വൈകിയതിൽ ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസ. ഇതുസംബന്ധിച്ച റിപ്പോർട്ട് കലക്ടർ ആരോഗ്യ സെക്രട്ടറിക്ക് കൈമാറി. ജനറൽ ആശുപത്രിക്കും മെഡിക്കൽ കോളജിനും വീഴ്ച സംഭവിച്ചുവെന്നും ആശുപത്രികളുടെ റിപ്പോർട്ട് തൃപ്തികരമല്ലെന്നും കലക്ടർ വ്യക്തമാക്കി.

വഞ്ചിയൂർ സ്വദേശിയുടെ കൊവിഡ് പരിശോധന വൈകിയെന്ന കാര്യം നേരത്തെ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് ആശുപത്രികളിൽനിന്ന് കലക്ടർ റിപ്പോർട്ട് തേടിയിരുന്നു. മരിച്ച രമേശൻ ഏറെ നാളായി ആസ്തമയ്ക്ക് ചികിത്സയിലായിരുന്നു. അതിനാലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊവിഡ് പരിശോധനയ്ക്കു ശ്രമിക്കാതിരുന്നതെന്നാണ് ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കലക്ടർ വിലയിരുത്തി.

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ശ്വാസകോശ സംബന്ധമായ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും പരിശോധന നടത്തിയിരിക്കണം. അക്കാര്യം ആശുപത്രികൾ പാലിച്ചില്ലെന്ന് കലക്ടർ വ്യക്തമാക്കി.

Tags:    

Similar News