കൊവിഡ് മരണ മാനദണ്ഡം പുതുക്കി സംസ്ഥാനസര്‍ക്കാര്‍; ബിപിഎല്‍ കുടുംബങ്ങളില്‍ ഗുണഭോക്താക്കളുടെ എണ്ണം കുറയും

റേഷന്‍കാര്‍ഡ് അടിസ്ഥാനമാക്കിയാണ് ബിപിഎല്‍ കുടുംബങ്ങളെ ഇതുവരെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലെ ബിപിഎല്‍ പട്ടിക മാത്രം കണക്കിലെടുക്കാനാണു പുതിയ നിര്‍ദേശം

Update: 2022-01-08 05:36 GMT

കോഴിക്കോട്: കൊവിഡ് മരണ മാനദണ്ഡം പുതുക്കി സംസ്ഥാനസര്‍ക്കാര്‍. ബിപിഎല്‍ കുടുംബങ്ങളിലെ കുടുംബനാഥനോ നാഥയോ കൊവിഡ് ബാധിച്ചു മരിച്ചാല്‍ ആശ്രിതര്‍ക്കു പ്രതിമാസം സഹായധനം ലഭിക്കുന്ന പദ്ധതിയുടെ മാനദണ്ഡമാണ് പുതുക്കിയിരിക്കുന്നത്.ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം കുറയും.

ബിപിഎല്‍ കുടുംബത്തിലെ വരുമാനദായകരായ വ്യക്തി കൊവിഡ് ബാധിച്ചു മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ മക്കള്‍ക്കോ സഹായധനത്തിന് അര്‍ഹതയുണ്ടായിതുന്ന പദ്ധതിയാണ് പുതുക്കിയിരിക്കുന്നത്. പുതുക്കിയ മാനദണ്ഡപ്രകാരം അംഗപരിമിതരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ മക്കളെ മാത്രമാണു പരിഗണിച്ചത്. മരിച്ചയാള്‍ 70 വയസ്സിനുമുകളിലുള്ളവരാണെങ്കില്‍ ഭാര്യ/ഭര്‍ത്താവ് എന്നിവര്‍ക്കു മാത്രമേ ധന സഹായത്തിന് അര്‍ഹതയുണ്ടാകൂ. ഇവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അംഗപരിമിതര്‍, മാനസികവെല്ലുവിളി നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മക്കളെമാത്രം പരിഗണിക്കും.

70ല്‍ താഴെ പ്രായമുള്ളവരാണ് മരിച്ചവരെങ്കില്‍ ഭാര്യ/ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹായംനല്‍കാം. ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രം 21 വയസ്സില്‍ താഴെ പ്രായമുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്നവരുമായ ഒരു മകനോ, മകള്‍ക്കോ(മൂത്തയാള്‍ക്ക്) സഹായം നല്‍കും. ഇതിനു റേഷന്‍കാര്‍ഡിലെ വിവരങ്ങള്‍ പരിഗണിക്കും.

റേഷന്‍കാര്‍ഡ് അടിസ്ഥാനമാക്കിയാണ് ബിപിഎല്‍ കുടുംബങ്ങളെ ഇതുവരെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലെ ബിപിഎല്‍ പട്ടിക മാത്രം കണക്കിലെടുക്കാനാണു പുതിയ നിര്‍ദേശം. ആദ്യം ലഭിച്ച അപേക്ഷകള്‍ അംഗീകരിച്ച് സഹായ ധന വിതരണത്തിന് റവന്യൂവകുപ്പ് തയ്യാറെടുക്കുന്നതിനിടേയാണ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റം. അതുകൊണ്ടുതന്നെ അംഗീകരിച്ച അപേക്ഷകള്‍ പുനപരിശോധിക്കേണ്ടിവരും. മൂന്നുവര്‍ഷത്തേക്കു പ്രതിമാസം 5,000 രൂപവീതം സഹായധനം നല്‍കുന്ന പദ്ധതിയിലേക്ക് സംസ്ഥാനത്ത് 9,127 അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. ഇതില്‍ 325 അപേക്ഷകള്‍ അംഗീകരിക്കുകയും, ബാക്കിയുള്ളവ നടപടിക്രമങ്ങളുടെ വിവിധഘട്ടങ്ങളിലുമാണ്.

Tags: