കൊവിഡ് സമ്പര്‍ക്കവ്യാപനം; ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേക്ക് അടച്ചു

രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറെയും അന്തര്‍സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

Update: 2020-07-27 15:36 GMT

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കാന്‍ തീരുമാനം. ഏറ്റുമാനൂര്‍ നഗരസഭയുടേതാണ് തീരുമാനം. നഗരസഭാ തീരുമാനം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്. നഗരസഭയുടെ നാലാംവാര്‍ഡ് നിലവില്‍ കണ്ടയ്ന്‍മെന്റ് സോണാണ്. ഏറ്റുമാനൂര്‍ പച്ചക്കറിച്ചന്തയിലെ 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറെയും അന്തര്‍സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് സ്ഥിതി അതീവഗുരുതരമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതെത്തുടര്‍ന്ന് ഏറ്റുമാനൂരില്‍ അതീവജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. കോട്ടയം ജില്ലയില്‍ 59 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഒമ്പതുപേരും വിദേശത്തുനിന്നുവന്ന ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.  

Tags:    

Similar News