ബംഗളൂരു: ഈ വര്‍ഷം കര്‍ണാടകയില്‍ കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശ്വാസതടസവും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ മൂലവും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 85കാരനാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കര്‍ണാടകയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ 35 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 32 പേര്‍ക്ക് ബംഗളൂരുവിലാണ്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും എല്ലാ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ കേസുകള്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്ക് ആവശ്യമായ പരിശോധനാ കിറ്റുകള്‍ സ്റ്റോക്ക് ചെയ്യാന്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏകദേശം 5,000 ആര്‍ടിപിസിആര്‍ കിറ്റുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 257 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.