കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് യാത്രയായി
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സിഎഫ്എൽടിസി കൊവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍കോടേക്ക് യാത്രയായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംഘത്തെ യാത്രയാക്കി. ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സിഎഫ്എൽടിസി കൊവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ഇവര്‍ കാസര്‍ഗോഡുള്ള വിവിധ കോവിഡ് ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും സേവനമനുഷ്ഠിക്കും.
സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കൊവിഡ് ബ്രിഗേഡിന് രൂപം നല്‍കിയതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരേയും വലിയ തോതില്‍ സജ്ജമാക്കേണ്ടതുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കൊവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നല്‍കിയത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കൊവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍. കൊവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആയിരക്കണക്കിന് പേരാണ് സ്വയം സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
