ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; പോലിസ് ആസ്ഥാനം രണ്ടുദിവസത്തേക്ക് അടച്ചു

52 വയസിന് മുകളിലുള്ള പോലിസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ നിര്‍ദേശം. 50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

Update: 2020-08-01 05:44 GMT

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയതിന് പിന്നാലെ തിരുവനന്തപുരത്തെ കേരള പോലിസ് ആസ്ഥാനം അടച്ചു. റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനുള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പോലിസ് ആസ്ഥാനം അടച്ചതെന്നാണ് വിശദീകരണം. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്. അവധി ദിനങ്ങളായതിനാല്‍ നടപടി പോലിസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

അതിനിടെ, കൊവിഡ് ബാധിച്ച് ഇടുക്കിയില്‍ പോലിസുകാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. 52 വയസിന് മുകളിലുള്ള പോലിസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ നിര്‍ദേശം. 50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലിസുകാര്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍ വന്നിരിക്കുന്നത്.

50 വയസിന് മുകളിലുള്ളവരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു. 50 വയസിന് താഴെയുള്ളവരെ നിയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. പോലിസുകാര്‍ ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. സംസ്ഥാനത്ത് ഇതുവരെ 88 പോലിസുകാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ അധികവും തിരുവനന്തപുരത്താണ്. 

Tags: