കൊവിഡ്: വയനാട്ടില്‍ 199 പേര്‍കൂടി നിരീക്ഷണത്തില്‍; ആകെ 1,725 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍

ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,694 ആളുകളുടെ സാംപിളുകളില്‍ 1,505 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1,478 എണ്ണം നെഗറ്റീവാണ്.

Update: 2020-05-28 13:49 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച 199 പേര്‍ കൂടി നിരീക്ഷണത്തിലായി. നിലവില്‍ 3,846 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന 342 ആളുകള്‍ ഉള്‍പ്പെടെ 1,725 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 160 പേര്‍ ഇന്നലെ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,694 ആളുകളുടെ സാംപിളുകളില്‍ 1,505 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1,478 എണ്ണം നെഗറ്റീവാണ്. 184 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍നിന്നും ആകെ 1,744 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1,489 ഉം നെഗറ്റീവാണ്.

ജില്ലയിലെ 10 അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ 2,163 വാഹനങ്ങളിലായെത്തിയ 3,885 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യപരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 567 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. സാന്ത്വനപരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 98 രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കി. 

Tags:    

Similar News