സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ; 72,460 പേര്‍ നിരീക്ഷണത്തില്‍
കാസർഗോഡ് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ 109 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം പിടിപെട്ടവരിൽ ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. കാസർഗോഡ് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തില്‍ 109 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിലവില്‍ 105 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
186 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,460 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 71,994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 164 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. 13,326 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. വാർത്താ സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തു.
