രോഗത്തിന്റെ ഉറവിടമറിയാത്ത പത്തുപേർ; കോവിഡ് അടുത്ത ഘട്ടത്തിലേക്കെന്ന് ആശങ്ക

ഒരു സമ്പർക്കവുമില്ലാത്തവർക്ക് രോഗം പകരുന്നതാണ് സമൂഹ വ്യാപനമായി കണക്കാക്കുന്നത്

Update: 2020-04-28 02:07 GMT

തിരുവനന്തപുരം: കൊവിഡ് ബാധിച്ചത് എവിടെനിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേർക്ക് രോഗബാധിതരുമായി സമ്പർക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള രോഗബാധിതരിൽ ആരോഗ്യ പ്രവർത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കൊല്ലത്തെ ആരോഗ്യ പ്രവർത്തക, ഇടുക്കി വണ്ടൻമേട്ടിലെ വിദ്യാർഥി, കോട്ടയം ജില്ലയിലെ രണ്ടു നഴ്‌സുമാർ, ചന്തയിലെ ചുമട്ടുതൊഴിലാളി, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ വിദ്യാർഥിനി, പാലക്കാട് വിളയൂരിലെ വിദ്യാർഥികൾ എന്നിവരുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

രോഗം ബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമായ കുട്ടി, തിരുവനന്തപുരം പോത്തൻകോട്ടെ പോലിസുകാരൻ, കണ്ണൂരിൽ ചികിൽസതേടിയ മാഹി സ്വദേശി എന്നിവരുടെ കാര്യത്തിലും ഉറവിടം അജ്ഞാതമാണ്. ചികിൽസയിലുള്ള രോഗികളിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്.

ഒരു സമ്പർക്കവുമില്ലാത്തവർക്ക് രോഗം പകരുന്നതാണ് സമൂഹ വ്യാപനമായി കണക്കാക്കുന്നത്. പകർച്ചവ്യാധികളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ ഘട്ടവും അതാണ്. സംസ്ഥാനത്ത് അങ്ങനെയൊരു അപകടസ്ഥിതി ഇപ്പോഴില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയണമെങ്കിൽ ഏതെങ്കിലും മേഖലകളിലോ കുറച്ച് ആളുകളിലോ ഒരുമിച്ച് പരിശോധന നടത്തണം. ലക്ഷണം പ്രകടിപ്പിക്കാത്തവരും ചിലപ്പോൾ വൈറസ് വാഹകരാകുമെന്നതിനാൽ അത്തരക്കാരെയും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തേണ്ടത്. കൊല്ലത്തും കോട്ടയത്തും ഇങ്ങനെ നടത്തിയ പരിശോധനയിൽ ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

Similar News